മഴ കുറഞ്ഞ ജൂണിനു ശേഷം ജൂലൈയിൽ കാലവർഷം ശക്തി പ്രാപിച്ചു. ഇന്നലെ രാവിലത്തെ കണക്ക് അനുസരിച്ച് 24 മണിക്കൂറിനിടെ സംസ്ഥാനത്തു 30.37 സെന്റിമീറ്റർ മഴ പെയ്തു. 4 ദിവസം ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന തിരമാലയും കടലാക്രമണവും ഉണ്ടാകുമെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്നു മീൻപിടിത്തത്തിനു പോകാൻ പാടില്ല.
ഇടുക്കി, കണ്ണൂർ ജില്ലകളിൽ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
കനത്ത മഴ മുന്നറിയിപ്പുള്ളതിനാൽ എറണാകുളം, ആലപ്പുഴ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ് – സിബിഎസ്ഇ – ഐസിഎസ്ഇ സ്കൂളുകൾ, അങ്കണവാടികൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പ്രകാരമുള്ള പിഎസ്‌സി, യൂണിവേഴ്സിറ്റി പരീക്ഷകൾക്കു മാറ്റമില്ല. കാസർകോട് ജില്ലയിലെ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.