കേരളത്തിൽ ഉടനീളം വന്യജീവി അക്രമണത്തിൽ കർഷകർ നേരിടുന്നത് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ്. കാട്ടു പന്നിയുടെയും, കുരങ്ങിന്റെയും, ആനയുടെയും എല്ലാം ആക്രമണത്തിൽ കർഷക ജീവിതം മുൻപോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണ്. ഇതിൽ നിന്നും ഏതു രീതിയിൽ കർഷകർക്ക് രക്ഷ നേടാമെന്ന ഒരു ശ്വാശ്വത പരിഹാരം ഇതുവരെ കണ്ടെത്തനായിട്ടില്ല. പാലക്കാടും, വയനാടും, ഇടുക്കിയും,കോഴിക്കോടുമൊക്കെയുള്ള കർഷകർ കഷ്ടതയുടെ അങ്ങേയറ്റമെത്തി.
ഒരു പക്ഷെ ശാസ്ത്രീയമായി അപകടമില്ലാത്ത രീതിയിൽ വന്യ ജീവികളെ തുരത്താനുള്ള നടപടി. അതികൃതർ നേരത്തെ കൈ കൊണ്ടിരുന്നെങ്കിൽ പാലക്കാട് ആനയ്ക്ക് ആ ഗതികേട് തന്നെ ഉണ്ടാവുമായിരുന്നില്ല. ഈ സംഭവം കഴിഞ്ഞ് ദിവസങ്ങൾ പിന്നിടുന്നതിന് മുൻപ് കർഷകനായ ഒരു യുവാവിനെ പുൽപ്പള്ളിയിൽ കടുവ ആക്രമിച്ച് തല മാത്രം ബാക്കി നിർത്തി മുഴുവനായി ഭക്ഷിച്ച് കളഞ്ഞത് വലിയ വർത്തയായില്ലെങ്കിലും നടന്ന സംഭവം തന്നെയാണ്.
മൃഗങ്ങളായാലും മനുഷ്യനായാലും ജീവിക്കാനുള്ള ഭക്ഷണത്തിനു കൂടി വേണ്ടിയാണ് അധ്വാനിച്ചു കൊണ്ടിരിക്കുന്നത്.അത് കൊണ്ട് വന്യ ജീവികൾ സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ് ഒപ്പം കർഷകരും .
കഴിഞ്ഞ കുറച്ചു കാലത്തെ സംഭവങ്ങൾ നമ്മെ ബോധ്യപെടുത്തുന്ന ചില കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. അന്നന്നത്തെ അന്നത്തിനു വേണ്ടി വിളവിറക്കുന്ന കൃഷിയിടങ്ങളിൽ കാട്ടു പന്നിയുടെ വിളയാട്ടം കാരണം പൊറുതി മുട്ടുന്നത് ഒരുപറ്റം മനുഷ്യ ജീവനുകളാണ് എന്നിട്ടും അതികൃതർ എന്ത് നടപടികൾ സ്വീകരിച്ചു? സ്വീകരിച്ച നടപടികൾ എത്രമാത്രം ഗുണപരമാണ്? ഇത് ചിന്തിക്കേണ്ടത് തന്നെയാണ്.
2016ൽ തന്റെ സ്വപ്ന പദ്ധതിയായി മാവൂരിലെ സ്വന്തം ഭൂമിയിൽ മൂവായിരത്തോളം വാഴയും ആയിരത്തോളം റബ്ബറും അടങ്ങിയ കൃഷി പന്നിയുടെ അക്രമണത്തിൽ നഷ്ടപെട്ട് പിന്നീട് കൃഷി ജീവിതം തന്നെ തുടരാൻ സാധിക്കാതെ പോയ പ്രേംരാജ് മോഹൻ കുഞ്ഞോത്തിന്റെ ജീവിത കഥ, ഞങ്ങൾ തന്നെ വാർത്തയാക്കിയതാണ്. ഇദ്ദേഹം ദുരിതമനുഭവിക്കുന്ന കർഷകരുടെ ഒരു പ്രതിനിധി മാത്രമാണ്.
നിലവിലെ നിയമം വെച്ച് ജില്ലയിലെ ഡി എഫ് ഒ യ്ക്ക് ദുരിതം വിതയ്ക്കുന്ന പന്നികളെ തോക്കു കൊണ്ട് വേട്ടയാടാം എന്നതാണ്. എന്നാൽ കോഴിക്കോട് ജില്ലയിൽ ആകെ ഒരു ഡി എഫ് ഒയാണുള്ളത് ഒരാളിനെ കൊണ്ട് എത്ര കൃഷിയിടങ്ങൾക്ക് സംരക്ഷണം നൽകാൻ സാധിക്കും?. മറ്റൊരു ഉപാധിയെന്നത് തോക്കിന്റെ ലൈസെൻസുള്ള കർഷകർക്ക് പന്നികളെ വേട്ടയാടാം എന്നൊരു നിയമം നില നിൽക്കുന്നുണ്ട്. എന്നാൽ ഭൂരിഭാഗം ആളുകൾക്കും ഈ പറഞ്ഞ ലൈസെൻസ് ഇല്ലാത്തവരാണ്.
ഒപ്പം ലൈസൻസിന്റെ മറ്റൊരു വാർത്ത കുറച്ച് ദിവസങ്ങൾക്കു മുൻപ് നമ്മൾ തന്നെ കേട്ടതാണ്. കേരളത്തിൽ നിയമാനുസൃതം തോക്ക് ഉപയോഗിച്ച് ആദ്യമായി കാട്ടുപന്നിയെ വെടിവെച്ച് കൊന്ന കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവ് കാവുങ്ങൽ എടപ്പാട്ട് ജോർജ് ജോസഫിനെതിരെ വന്ന കേസ്. വന്യ ജീവികളെ അപമാനിച്ചു എന്നതായിരുന്നു ഇദ്ദേഹത്തിന്റെ പേരിൽ ചുമത്തിയ കേസുകൾക്ക് ആധാരം. സർക്കാർ നിയമാനുശ്രതം വേട്ടയാടിയ ശേഷം ഇദ്ദേഹം പന്നിയുടെ ദേഹത്തായി കാല് കേറ്റിവെച്ച് ഫോട്ടോ എടുത്ത് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നതാണ് വിഷയം. ഇദ്ദേഹത്തിന്റെ ലൈസെൻസ് അതികൃതർ റദ്ദാക്കി.
വന്യ ജീവികളെ അപമാനിക്കുന്നതിൽ ആരും തന്നെ യോജിക്കുന്നില്ല. നിയമത്തെ ബഹുമാനിക്കുകയും ചെയ്യുന്നു. അതേ സമയം കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരണമടഞ്ഞ
ചമല്‍ വെണ്ടേക്കുംചാല്‍ മുഹമ്മദലിയുടെ കുടുംബത്തിന് അതികൃതർ എന്ത് നഷ്ടപരിഹാരം നൽകി. പൊലിഞ്ഞത് ഒരു മനുഷ്യ ജീവനാണെന്നുള്ള എന്ത് പരിഗണന നൽകി?
കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാര തുക എത്ര വരെ നൽകുന്നുണ്ട്?. അത് കൃഷി തുടങ്ങാൻ ഉപയോഗിച്ച തുകയുടെ അത്രയും പോലും ലഭ്യമാകുന്നുണ്ടോ എന്നു കൂടി പരിശോധിക്കേണ്ടതാണ്. ഇത്തരം കൃഷി നാശം സംഭവിക്കുന്ന സംഭവങ്ങളിൽ ഒന്നും തന്നെ. നഷ്ടം സംഭവിച്ച് കടത്തിന്മേൽ കടമായി നിൽക്കുന്ന കർഷകരെ സംരക്ഷിക്കാൻ ആരും തന്നെയില്ല എന്നത് വസ്തുതയാണ്.
കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ നേരിടാൻ , ലൈസന്‍സോടുകൂടിയ തോക്ക് അനുവദിക്കുക. അതുമല്ലെങ്കിൽ ശാസ്ത്രീയമായി പുതിയ രീതിയിൽ ഈ ആക്രമണത്തിൽ നിന്നും രക്ഷ നേടാനുള്ള ഉപാധികൾ സർക്കാരുകൾ നൽകുക, നാശം സംഭവിച്ച കൃഷിയിടങ്ങൾക്കു നാശനഷ്ടം നൽകുക. ഇത് ജീവിതം നിലനിർത്താനായി അവർ മുൻപോട്ട് വെക്കുന്ന നിർദ്ദേശങ്ങൾ മാത്രമാണ്. കുന്ദമംഗലം,മാവൂർ,താമരശ്ശേരി,കോടഞ്ചേരി തുടങ്ങി കോഴിക്കോട് ജില്ലയുടെ പലഭാഗത്തും കാണുന്ന ഇത്തരം ദുരിതം സംസ്ഥാനത്തെ പല കർഷകരുടെയും നിലവിലെ അവസ്ഥയാണ്. ഒപ്പംസംസ്ഥാനത്തെ പല ജില്ലകളിലും ഇത് തന്നെയാണ് ഓരോ കര്ഷകന്റെയും അവസ്ഥ. സർക്കാർ കർഷകർക്ക് വേണ്ട നടപടികൾ സ്വീകരിക്കുക. അവരുടെ ജീവനും വന്യ ജീവനും സംരക്ഷിക്കുക.

