രാജ്യത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 6324 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,92,990 ആയി. 24 മണിക്കൂറിനിടെ 198 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മരണ സംഖ്യ 8,367 ആയി. 79,911 പേരാണ് ചികിത്സയിലുള്ളത്. 1,04,867 പേര്‍ക്ക് രോഗം ഭേദമായി. 54.24 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലൊന്നായ മുംബൈയിലാണ് ഏറ്റവുമധികം രോഗികളുള്ളത്. വെള്ളിയാഴ്ച 1375 പേര്‍ക്കാണ് ഇവിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്. 4762 പേര്‍ മുംബൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചു.
കോവിഡ് വ്യാപനം ദിനംപ്രതി കൂടുന്ന തമിഴ്നാട്ടില്‍ ആകെ രോഗികള്‍ ഒരു ലക്ഷം കടന്നു. രോഗികള്‍ ലക്ഷം കടക്കുന്ന രണ്ടാമത് സംസ്ഥാനമാണ് തമിഴ്നാട്. തുടര്‍ച്ചയായ രണ്ടാം ദിവസവും 4000 ത്തിലേറെ രോഗികള്‍ തമിഴ്നാട്ടിലുണ്ട്. വെള്ളിയാഴ്ച ചെന്നൈയില്‍മാത്രം 2082 രോഗികള്‍. സംസ്ഥാനത്ത് ആകെ രോഗികള്‍ 102721 ലെത്തി. മരണം 1385 ആയി.
കര്‍ണാടകയില്‍ ഒരാഴ്ചയായി രോഗികളില്‍ വലിയ വര്‍ധനയാണ്. 8705 രോഗികളാണ് കഴിഞ്ഞ ഒരാഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വെള്ളിയാഴ്ച 1695 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഒരു ദിവസം ഇത്രയധികം രോഗികള്‍ ഇതാദ്യമാണ്. ആകെ ഇരുപതിനായിരത്തോടടുത്തു. 21 പേര്‍ കൂടി വെള്ളിയാഴ്ച മരിച്ചതോടെ ആകെ മരണം 293 ലെത്തി. മറ്റ് മെട്രോ നഗരങ്ങളായ മുംബൈയ്ക്കും ഡല്‍ഹിക്കും ചെന്നൈയ്ക്കുമൊപ്പം ബംഗളൂരുവിലും രോഗികള്‍ കുതിക്കുകയാണ്. വെള്ളിയാഴ്ച 994 രോഗികള്‍ ബംഗളൂരുവിലുണ്ട്. ആകെ 7173 ലെത്തി.