നിയമസഭാ തിരഞ്ഞെടുപ്പു നടന്ന ആന്ധ്രപ്രദേശിൽ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് അധികാരത്തിനു പുറത്തേക്ക്. ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപിയുടെ നേതൃത്വത്തിൽ എൻഡിഎ മുന്നണി ഇവിടെ അധികാരം ഉറപ്പിച്ചു. ആകെയുള്ള 175 സീറ്റുകളിൽ 149 സീറ്റുകളിലും എൻഡിഎ സഖ്യമാണ് മുന്നിൽ. ഇതിൽ 125 സീറ്റുകളിൽ ടിഡിപിയും 17 സീറ്റുകളിൽ പവൻ കല്യാണിന്റെ ജനസേനയും ഏഴിടത്ത് ബിജെപിയും ലീഡ് ചെയ്യുന്നു.20 സീറ്റുകളിൽ മാത്രമാണ് വൈഎസ്ആർ കോൺഗ്രസിന് ലീഡുള്ളത്. 2019ൽ 151 സീറ്റുകൾ നേടിയാണ് വൈഎസ്ആർ കോൺഗ്രസ് അധികാരത്തിലെത്തിയത്.അന്ന് ടിഡിപിക്ക് 23 സീറ്റും ജനസേനയ്ക്ക് ഒരു സീറ്റും മാത്രമാണ് നേടിയത്. ഇത്തവണ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകൾ ശർമിളയെ പാർട്ടിയിലെത്തിച്ച് കോൺഗ്രസ് നടത്തിയ പരീക്ഷണം പാളിയെന്ന സൂചനയാണ് ഈ ഘട്ടത്തിൽ ലഭിക്കുന്നത്. നിലവിൽ ഒരു സീറ്റിൽ പോലും കോൺഗ്രസിന് ലീഡില്ല.