ഒഡിഷ ട്രെയിൻ ദുരന്തത്തിൽ പ്രതിപക്ഷത്തിന് നേരെ വിമവിമര്ശനവുമായി ബി ജെ പി. ട്രെയിന്‍ ദുരന്തത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.യുപിഎ കാലത്തെ റെയില്‍വേ മന്ത്രിമാര്‍ ദുരന്തമായിരുന്നുവെന്നും ബിജെപി ഭരണത്തിൽ റെയില്‍വേ രംഗത്ത് വികസനത്തിനൊപ്പം സുരക്ഷയും സർക്കാര്‍ മെച്ചപ്പെടുത്തിയെന്നും ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പ്രതികരിച്ചു.
ഇന്ത്യയിലെ എക്കാലത്തെയും യോഗ്യതയുള്ള റെയില്‍വേ മന്ത്രിയാണ് അശ്വിനി വൈഷണവ്. മമത, നിതീഷ് കുമാർ, ലാലു പ്രസാദ് എന്നീ മുന്‍ റെയില്‍വേ മന്ത്രിമാരുടെ കാലത്തെ ട്രെയിന്‍ അപകടങ്ങള്‍ പങ്കുവെച്ചാണ് ബിജെപിയുടെ വിമർശനം.
നേരത്തെ, ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്നും റെയില്‍വേ മന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ലാല്‍ ബഹദൂർ ശാസ്ത്രി, നിതീഷ് കുമാർ, മാധവറാവു സിന്ധ്യ എന്നിവരെ പോലെ അശ്വിനി വൈഷ്ണവും രാജിവെക്കണമെന്നാണ് കോൺഗ്രസ് വക്താവ് പവൻ ഖേര ആവശ്യപ്പെട്ടത്. റെയിൽവേ മന്ത്രിയുടെ രാജി പ്രധാനമന്ത്രി ആവശ്യപ്പെടണണമെന്ന് കോണ്‍ഗ്രസ് വക്താവ് കൂട്ടിച്ചേർത്തു.
പല മുന്നറിയിപ്പുകളും ഉണ്ടായിട്ടും സിഗ്നിലിങ് സിസ്റ്റത്തില്‍ ഉണ്ടായ വീഴ്ച കുറ്റകരമാണെന്നും സ്വാഭാവിക ദുരന്തമല്ല ഉണ്ടായതെന്നും ഉപേക്ഷ കൊണ്ട് ഉണ്ടായ മനുഷ്യനിര്‍മിത ദുരന്തമാണെന്നും പവന്‍ഖേര കുറ്റപ്പെടുത്തി. ദുരന്തത്തിന്‍റെ ഉത്തരവാദിത്വത്തിൽ നിന്ന് പ്രധാനമന്ത്രിക്കും മാറിനിൽക്കാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.