കെ എസ് ആർ ടി സി ബസിൽ നഗ്നതാ പ്രദർശനം നടത്തിയതിന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സവാദിന് സ്വീകരണം നൽകിയതിൽ വിമർശനവുമായി പരാതിക്കാരി. സംഭവത്തിൽ തനിക്ക് ലജ്ജ തോന്നുന്നുവെന്ന് പരാതിക്കാരി പറഞ്ഞു. പരാതിക്കാരിയായ തനിക്ക് കല്ലേറും, പ്രതിക്ക് പൂമാലയുമാണ് ലഭിക്കുന്നതെന്നും സമൂഹ മാധ്യമങ്ങളിൽ വലിയ വേട്ടയാടലാണ് നടക്കുന്നതെന്നും പരാതിക്കാരി പറഞ്ഞു.
കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ കോഴിക്കോട് കായക്കൊടി കാവിൽ സവാദിന് (27) ശനിയാഴ്ചയാണ് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയത്. പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലാണ് ആലുവ സബ് ജയിലിനു പുറത്ത് സവാദിനു സ്വീകരണം നൽകുകയും ഇതിന്റെ ലൈവ് വിഡിയോ അസോസിയേഷന്റെ ഫെയ്സ്ബുക് പേജിൽ പങ്ക് വെക്കുകയും ചെയ്തു.
ജയിലിനു പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തിൽ പൂമാലയണിയിച്ച് സ്വീകരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ‘ഞങ്ങളെല്ലാം ഒപ്പമുണ്ട്’ എന്ന വാക്കുകളോടെയാണ് സവാദിനു സ്വീകരണം നൽകിയത്. തുടർന്ന് സവാദ് വാഹനത്തിൽ കയറി പോകുന്നതും ദൃശ്യങ്ങളിലുണ്ട്.