ഉദയ്പൂരില്‍ ചിന്തന്‍ ശിബിരം നടത്തിയ റിസോര്‍ട്ടിലേക്ക് എംഎല്‍എമാരെ കൂട്ടത്തോടെ മാറ്റാന്‍ രാജസ്ഥാന് കോണ്‍ഗ്രസ്. കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കി രാജസ്ഥാനിലെ മന്ത്രിയടക്കം ആറ് കോണ്‍ഗ്രസ് എംഎല്‍എമാരാണ് ഉദയ്പൂരിലെ റിസോര്‍ട്ടിലേക്ക് എത്താതെ മാറിനില്‍ക്കുന്നത്.
രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുതിരക്കച്ചവടം ഭയന്ന് രാജസ്ഥാന് കോണ്‍ഗ്രസിന്റെ ഇത്തരത്തിലൊരു നീക്കം. രാജ്യസഭാ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ ഉദയ്പുരിലെ റിസോര്‍ട്ടിലേക്ക് എംഎല്‍എമാരെ മാറ്റാനുള്ള തീവ്ര ശ്രമത്തിലാണ് രാജസ്ഥാന് കോണ്‍ഗ്രസ് നേതൃത്വം. വെള്ളിയാഴ്ച്ച വൈകുന്നേരത്തിനുള്ളില്‍ റിസോര്‍ട്ടില്‍ എത്തണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് എംഎല്‍എമാര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയിരുന്നത്. ഭൂരിഭാഗം പേരും ഉദയ്പൂരിലെ റിസോര്ട്ടിലെത്തിച്ചേര്ന്നിട്ടുണ്ട്.
എന്നാല്‍ റിസോര്‍ട്ടില്‍ എത്താതിരുന്ന സൈനിക ക്ഷേമ മന്ത്രിയായ രാജേന്ദ്ര ഗുദ്ധ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ വിമര്‍ശിക്കുകയാണ് ചെയ്തത്. മുന്‍ ബിഎസ്പി നേതാവായ അലിയും ഉദയ്പൂരിലെ റിസോര്ട്ടിലെത്തിയിട്ടില്ല.
‘ഉദ്യോഗസ്ഥ ഭരണം കാരണം ജനക്ഷേമ പദ്ധതികള്‍ കൃത്യമായി നടപ്പാക്കാന്‍ പറ്റുന്നില്ല. പൊതുമരാമത്ത് വകുപ്പിനെതിരെ നിരവധി പരാതികളുണ്ട്. അനധികൃത ഖനനങ്ങളേക്കുറിച്ചും ഞാന്‍ പല തവണ മുഖ്യമന്ത്രിക്ക് എഴുതി. ആ എഴുത്തുകള്‍ക്ക് എന്ത് പറ്റിയെന്ന് അറിയില്ല.’ വാജിബ് പറയുന്നു.
ലഖാന് സിങ് (കരൗളി എംഎല്‍എ), സന്ദീപ് കുമാര്‍ (ടിജാര, ആല്‍വാര്‍) എന്നിവരാണ് റിസോര്ട്ടിലെത്താത്ത മുന്‍ ബിഎസ്പിക്കാര്‍. ഗിര്‍രാജ് സിങ് (ബാരി, ധോല്‍പൂര്‍), ഖിലാഡി ലാല്‍ ഭൈരവ (ബസേരി, ധോല്‍പൂര്‍) എന്നിവരേയും കോണ്‍ഗ്രസ് കാത്തിരിക്കുകയാണ്.