കാരന്തൂര്‍ പാറക്കടവ് പയിമ്പ്ര റോഡ് വീതി കൂട്ടി നവീകരിക്കുന്നതിന് ഇന്‍വെസ്റ്റിഗേഷന്‍ നടത്താന്‍ 8 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.
അരയിടത്തുപാലത്ത് നിന്ന് കാരന്തൂര്‍ വരെ 24 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിച്ചു വരികയാണ്. ഈ റോഡിന്‍റെ തുടര്‍ച്ചയായി പാറക്കടവ് വഴി പയിമ്പ്ര ഭാഗത്തേക്കുള്ള റോഡ് വികസിപ്പിക്കുന്നതിനുള്ള സാധ്യതാ പഠനത്തിനാണ് ഇപ്പോള്‍ തുക അനുവദിച്ചിട്ടുള്ളത്.
6.5 കോടി രൂപ ചെലവില്‍ പ്രവൃത്തി നടന്നുവരുന്ന പന്തീര്‍പ്പാടം പണ്ടാരപറമ്പ കുമ്മങ്ങോട്ടുതാഴം റോഡുമായാണ് കാരന്തൂര്‍ പയിമ്പ്ര റോഡിനെ ബന്ധിപ്പിക്കുന്നത്. ഈ റോഡ് വികസിപ്പിക്കുന്നതോടെ നാഷണല്‍ ഹൈവേയിലെ തിരക്ക് കുറക്കുന്നതിനും വാഹനങ്ങള്‍ തിരിച്ചു വിടുന്നതിനും സഹായകമാവുന്ന തരത്തിലുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ സാധിക്കും.
മുണ്ടിക്കല്‍താഴം വഴി വരുന്ന ഒട്ടേറെ വാഹനങ്ങള്‍ സി.ഡബ്ല്യു.ആര്‍.ഡി.എം വരിട്ട്യാക്ക് വഴി താമരശ്ശേരി ഭാഗത്തേക്ക് തിരിഞ്ഞുപോവുന്നതിനാല്‍ കുന്ദമംഗലം ടൗണിലെ ഗതാഗത കുരുക്കിന് വലിയ കുറവ് വന്നിട്ടുണ്ട്.
നിലവിലുള്ള റോഡുകള്‍ വീതികൂട്ടി നവീകരിച്ചുകൊണ്ട് നാഷണല്‍ ഹൈവേയിലെ ഗതാഗത കുരുക്ക് പരിഹരിക്കുകയെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കാരന്തൂര്‍ പറക്കടവ് പയിമ്പ്ര റോഡിന്‍റെ വികസനം സഹായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു.