സംസ്ഥാനത്ത് ക്രമസമാധാനപാലനം തകര്‍ന്നെന്ന് ചൂണ്ടിക്കാട്ടി രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഗുണ്ടാ ഇടനാഴിയായി മാറിയെന്നും കേരളം ഭയന്ന് വിറച്ച് നില്ക്കുന്ന സാഹചര്യമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. സര്‍ക്കാരിന് പൊലീസിലുളള നിയന്ത്രണം നഷ്ടമായിരിക്കുന്നെന്നും കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കുന്നത് സിപിഐഎം നേതാക്കളാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ജയിലറകള്‍ കൊലയാളികളുടെ സുഖവാസ കേന്ദ്രങ്ങളാണെന്ന് സതീശന് കുറ്റപ്പെടുത്തി. എല്ലാ അക്രമസംഭവങ്ങള്‍ക്കും പൊലീസ് കൂട്ട് നില്‍ക്കുകയാണ്. ഭയമാണ് മുഖ്യമന്ത്രി പിണറായി വിജയനെ ഭരിക്കുന്നത്. ലോകായുക്തയില്‍ കേസ് വന്നപ്പോള്‍ പല്ലും നഖവും ഊരിയെടുത്തു. കെ ടി ജലീലിനെ ഉപയോഗിച്ച് ലോകായുക്തയ്ക്ക് എതിരെ പൂരപ്പാട്ട് നടത്തിച്ചു. പിണറായിക്കാലത്ത് കേരളം ഗുണ്ടകളുടെ നാടായി മാറി. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാന്‍ പിണറായിക്ക് പ്രാപ്തിയില്ല. അതിനാല്‍ ആഭ്യന്തര വകുപ്പ് പിണറായി ഒഴിയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. തിരുവനന്തപുരം ക്രൈം ക്യാപിറ്റലായി മാറി. പൊലീസിനെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ചങ്ങലക്ക് ഇട്ടിരിക്കുകയാണ്. പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് രക്ഷയില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി തന്നെ പറയുകയാണെന്നും മുന്‍ പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. മന്ത്രി ആര് ബിന്ദു സിപിഐഎം സംസ്ഥാന സമ്മേളനത്തിനിടെ ഉന്നയിച്ച വിമര്‍ശനം ചൂണ്ടിക്കാട്ടിയായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം.