ലോകമെമ്പാടുമുള്ള ആളുകളുടെ മരണത്തിന്കാരണമാകുന്ന രോഗങ്ങളിൽ രണ്ടാം സ്ഥാനമാണ് കാൻസറിനുള്ളത്. പ്രതിവർഷം ഒരു കോടിയോളം ജീവനാണ് കാൻസർ അപഹരിക്കുന്നത്. എന്നാൽ ലോകമെമ്പാടുമുള്ള ഈ മരണങ്ങളിൽ 40 ശതമാനത്തിലേറെയും ജീവിതശൈലിയിലെ മാറ്റങ്ങൾ, പതിവ് പരിശോധനകൾ, നേരത്തെയുള്ള കണ്ടെത്തൽ, ചികിത്സ എന്നിവയിലൂടെ തടയാനാകും.
ജനങ്ങൾക്കിടയിൽ കാൻസറിനെ കുറിച്ചുള്ള അവബോധം വളർത്തുന്നതിനും അതിനെതിരയുള്ള പ്രതിരോധം പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ വർഷവും ഫെബ്രുവരി 4 ന് ലോക കാൻസർ ദിനമായാണ് ആചരിക്കുന്നത്. കാൻസറിന്റെ ആഘാതം കുറയ്ക്കുന്നതിനായി പ്രവർത്തിക്കുന്ന സർക്കാരുകൾ, ആരോഗ്യ സംരക്ഷണ വിദഗ്ധർ, പൊതുജനങ്ങൾ എന്നിവരുൾപ്പെടെ വിവിധ പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.
ലോക കാൻസർ ദിനത്തിന് പിന്നിലെ ചരിത്രം
2000 ഫെബ്രുവരി 4-ന് പാരീസിൽ നടന്ന കാൻസറിനെതിരായ ലോക ഉച്ചകോടിയിലാണ് ലോക കാൻസർ ദിനം നിലവിൽ വന്നത്. യൂണിയൻ ഫോർ ഇന്റർനാഷണൽ കാൻസർ കൺട്രോൾ (യുഐസിസി) ആണ് ഈ രോഗത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും അതിന്റെ പ്രതിരോധം, കണ്ടെത്തൽ, ചികിത്സ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇങ്ങനെ ഒരു ദിനാചരണത്തിന് തുടക്കം കുറിച്ചത്.
ലോക കാൻസർ ദിനത്തിന്റെ പ്രാധാന്യം
കാൻസറിന്റെ ആഗോള പ്രത്യാഘാതത്തിലേക്ക് ശ്രദ്ധ ആകർഷിക്കുന്നതിനാൽ ലോക കാൻസർ ദിനം വളരെയേറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. മനുഷ്യജീവനുകൾ പൊലിയുന്നത് തടയുന്നതിൽ രോഗം നേരത്തെ കണ്ടെത്തുന്നതും ചികിത്സ ആംഭിക്കുന്നതും എത്രത്തോളം നിർണായകമാണെന്ന് എടുത്തു പറയുന്നതിനുളള ഒരു മാർഗം കൂടിയാണിത്. കൂടാതെ, ലോകമെമ്പാടുമുള്ള കാൻസർ പ്രതിരോധ കാമ്പെയ്നുകളെ ഒരു കുടക്കീഴിൽ ഒന്നിപ്പിക്കുന്ന ദിനാചരണമാണിത്.
ലോകമെമ്പാടുമുള്ള വ്യക്തികളിലും കുടുംബങ്ങളിലും കമ്മ്യൂണിറ്റികളിലും കാൻസറിന്റെ പ്രതികൂല ഫലങ്ങളെക്കുറിച്ച് പറഞ്ഞ് മനസിലാക്കാനും അതിന്റെ ബുദ്ധിമുട്ടുകൾ കുറക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന വ്യക്തികളും സർക്കാരുകളും ഓർഗനൈസേഷനുകളും ഒരുമിച്ച് പ്രവർത്തിക്കാനുമുള്ള ആഹ്വാനം കൂടിയാണ് ഈ ദിനം മുന്നോട്ട് വയ്ക്കുന്നത്.
ലോക കാൻസർ ദിനം 2023: തീം
മൂന്ന് വർഷത്തേക്ക് അതായത് 2022, 2023, 2024-ലെ ലോക കാൻസർ ദിനത്തിന്റെ തീം ‘ക്ലോസ് ദ കെയർ ഗ്യാപ്പ്’ എന്നതാണ്. കാൻസർ രോഗികളുടെ പരിചരണത്തെ അസമത്വങ്ങൾ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും ഈ രോഗത്തിനെതിരെ പോരാടാൻ ഉന്നത അധികൃതരിൽ സമ്മർദ്ദം ചെലുത്തുന്നതിലുമാണ് ഈ ബഹുവർഷ കാമ്പെയ്ൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഈ ദിവസത്തെ പ്രവർത്തനങ്ങൾ
കാൻസർ ബോധവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി പൊതു പരിപാടികൾ, ബോധവൽക്കരണ കാമ്പെയ്നുകൾ, വിദ്യാഭ്യാസ പരിപാടികൾ എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ ലോക കാൻസർ ദിനത്തിൽ നടത്താറുണ്ട്. ഇത്തരം പരിപാടികൾ വ്യക്തികളെ അവരുടെ ജീവിതത്തിലും സമൂഹത്തിലും കാൻസറിന്റെ ആഘാതം കുറയ്ക്കുന്നതിനായി പ്രവർത്തിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിലാണ് ലക്ഷ്യമിടുന്നത്. യൂണിയൻ ഫോർ ഇന്റർനാഷണൽ കാൻസർ കൺട്രോൾ (യുഐസിസി) അതിന്റെ അംഗ സംഘടനകളെ ആഗോള ലോക കാൻസർ ദിന സന്ദേശം നൽകുന്നതിനായി പ്രാദേശിക ബോധവൽക്കരണ കാമ്പെയ്നുകൾ നടത്താൻ മാർഗ്ഗനിർദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.