ഭൂമി തരംമാറ്റാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി ഒടുവിൽ മാനസിക വിഷമം മൂലം മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് റവന്യൂ മന്ത്രി കെ രാജൻ. സജീവന്റെ മരണം ദൗർഭാഗ്യകരമാണെന്നും റവന്യൂ വകുപ്പിന് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. സമഗ്രമായ അന്വേഷണം നടത്തും. ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറെ അന്വേഷണത്തിന് നിയോഗിച്ചു. ഒരാഴ്ചക്കുള്ളിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതേ സമയം സജീവനെ ഇറക്കിവിട്ട ഫോർട്ട് കൊച്ചിയിലെ ആർ ഡി ഒ ഓഫീസിലെത്തി എഡിഎം എസ് ഷാജഹാൻ വിവരങ്ങൾ ശേഖരിക്കുകയാണ്. ഭുമിതരം മാറ്റം സംബന്ധിച്ച ഫയലുകൾ അദ്ദേഹം പരിശോധിക്കും. ലാൻഡ് റവന്യു ജോയിന്റ് കമീഷണറുടെ നിർദ്ദേശപ്രകാരമാണ് നടപടി.