കത്വയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി സമാഹരിച്ച ഫണ്ടില്‍ വിശദീകരണം നല്‍കി യൂത്ത് ലീഗ് നേതാക്കള്‍. ഫണ്ട് വക മാറ്റിയിട്ടില്ലെന്നും എല്ലാ കണക്കുകളും സുതാര്യമാണ് എന്നും നേതാക്കളായ സികെ സുബൈര്‍, ഫൈസല്‍ബാബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വിഷയത്തില്‍ ആരോപണം ഉന്നയിച്ച മുഈനലി തങ്ങളെ ഉള്‍പ്പെടുത്തിയായിരുന്നു വാര്‍ത്താ സമ്മേളനം.
കമ്മിറ്റി കണക്കുകള്‍ വ്യക്തമാക്കിയെന്നും അതില്‍ തൃപ്തനാണ് എന്നും മുഈനലി തങ്ങള്‍ പറഞ്ഞു. കണക്കുകള്‍ ബോംബെ കമ്മിറ്റിക്ക് മുമ്പില്‍ അവതരിപ്പിച്ചതാണ്. ആ കമ്മിറ്റിയില്‍ മുഈനലി തങ്ങള്‍ പങ്കെടുത്തിട്ടില്ല, അതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്- അദ്ദേഹം വിശദീകരിച്ചു.
വിധി വന്നെങ്കിലും കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇനിയും നടക്കുന്നുണ്ട്. ഫണ്ട് നല്‍കിയതിന്റെ ചിത്രങ്ങള്‍ പത്രങ്ങള്‍ക്ക് നല്‍കിയിട്ടില്ല. യുവജനയാത്രയ്ക്ക് ഫണ്ട് വകമാറ്റിയെന്ന ആരോപണവും ശരിയല്ല. അതൊന്നും തിന്നു ജീവിക്കേണ്ട സാഹചര്യം ഞങ്ങള്‍ക്കില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പികെ ഫിറോസിനെ കുറിച്ചുള്ള ആരോപണത്തിന് പിന്നില്‍ മറ്റു താത്പര്യങ്ങളാണ്. ഒരു കോടി രൂപ യൂത്ത് ലീഗ് പിരിച്ചുവെന്നാണ് ആരോപണം. അത്രയും തുക പിരിച്ചെന്നു തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാം. കത്വയില്‍ മാത്രമല്ല, ആള്‍ക്കൂട്ടക്കൊലയുടെ ഇരകളായ ജുനൈദ്, തബ്രിസ് അന്‍സാരി, ഖാസിം തുടങ്ങിയവരുടെ വിഷയങ്ങളിലും യൂത്ത് ലീഗ് ഇടപെട്ടിട്ടുണ്ട്- സുബൈര്‍ വിശദീകരിച്ചു.