കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. കര്‍ഷക സമരത്തിനിടെ മരിച്ച കര്‍ഷകന്റെ വീട്ടുകാരെ കാണാന്‍ ഉത്തര്‍പ്രദേശിലെ രാംപൂരിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ഉണ്ടായ അപകടത്തിലാണ് രാംപൂര്‍ ജില്ലക്കാരനായ കര്‍ഷകന്‍ നവരീത് സിങ് മരിച്ചത്. നവരീതിന്റെ ട്രാക്ടര്‍ പൊലീസിന്റെ ബാരിക്കേഡില്‍ ഇടിച്ച് മറിയുകയായിരുന്നു.
മരണത്തില്‍ അനുശോചനം അറിയിക്കാനും കൂടുംബത്തെ ആശ്വസിപ്പിക്കാനുമാണ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും യുപിയില്‍ നിന്നുള്ള നേതാക്കളും രാംപൂരിലേക്ക് തിരിച്ചത്. ഹാര്‍പൂരില്‍ വെച്ച് പ്രിയങ്കയുടെ ഒപ്പമുണ്ടായിരുന്ന വാഹനവ്യൂഹം പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
കാനഡയിലായിരുന്ന നവരീത് സിങ് രാജ്യത്ത് എത്തി, കര്‍ഷക സമരത്തില്‍ പങ്കെടുക്കുകയായിരുന്നു. സമാധാനപരമായി സമരത്തില്‍ പങ്കാളിയാകവെ, പൊലീസിന്റെ വെടിയേറ്റാണ് നവരീത് മരിച്ചതെന്ന് യുപി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അജയ് കുമാര്‍ ലല്ലു ആരോപിച്ചു.