റായ്പൂർ: തൊഴിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിന്നാക്കക്കാർക്ക് 76 ശതമാനം സംവരണം ഏർപ്പെടുത്തുന്ന രണ്ട് ബില്ലുകൾ ഏകകണ്‌ഠേന പാസാക്കി ഛത്തീസ്ഗഢ് സർക്കാർ. ഗവർണർ ഒപ്പിട്ടാൽ ബില്ല് നിയമമായി പ്രാബല്യത്തിൽ വരും. പട്ടികവർഗം 32 ശതമാനം, പട്ടിക ജാതി 13 ശതമാനം, ഒബിസി 27 ശതമാനം, ഒരു ക്വാട്ടയിലും ഉൾപ്പെടാത്ത സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മറ്റ് വിഭാഗക്കാർക്ക് നാല് ശതമാനം എന്നിങ്ങനെയാണ് സംവരണം. ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ് ബില്ലുകൾ അംഗീകരിച്ചത്.
പ്രത്യേക നിയമഭാ സമ്മേളനം വിളിച്ചാണ് രണ്ട് ബില്ലുകളും പാസാക്കിയത്. രാജ്യത്തെ ഏറ്റവും ഉയർന്ന സംവരണ നിരക്കാണിത്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് എസ്‌സി-എസ്ടി സംരവണം 20 ശതമാനമായി കുറഞ്ഞിരുന്നു. 2012 ൽ ബിജെപി സർക്കാർ നടപ്പിലാക്കിയ സംവരണ ഉത്തരവ്, ആകെ സംവരണം 50 ശതമാനത്തിന് മുകളിലാവുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.അതേസമയം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കോൺഗ്രസ് സർക്കാരിന്റെ നീക്കമെന്നാണ് രാഷ്ട്രീയ വിലയിരുത്തതൽ. നിലവിൽ രാജസ്ഥാനിലും ഛത്തീസ്ഗഢിലും മാത്രമാണ് കോൺഗ്രസ് അധികാരത്തിലുള്ളത്. നിലവിലേതിന് ആനുപാതികമായി സംവരണം നടപ്പാക്കലാണ് ബാഗേൽ സർക്കാരിന്റെ പദ്ധതി. എന്നാൽ അങ്ങനെ വന്നാൽ സംവരണം 80 ശതമാനം കടന്നേക്കും.
2012ലെ ബി.ജെ.പി സർക്കാർ ഉത്തരവിലേതിനേക്കാൾ വളരെ കൂടുതലാണിത്. 32% എസ്ടിക്കും 12% എസ്‌സിക്കും 14% ഒ.ബി.സിക്കുമായിരുന്നു അന്നത്തെ തീരുമാനം. ആ ഉത്തരവ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ ചോദ്യംചെയ്തോടെയാണ് സെപ്തംബർ 19ന് കോടതി അത് റദ്ദാക്കിയത്. അതോടെ സംവരണ ക്വാട്ടകൾ സാങ്കേതികമായി 2012ന് മുമ്പുള്ള ആകെ 50% (ആദിവാസികൾക്ക് 20%, പട്ടികജാതിക്കാർക്ക് 16%, ഒ.ബി.സികൾക്ക് 14%) എന്ന നിലയിലേക്കായി.