മംഗളൂരു: പോക്‌സോ കേസിൽ തെറ്റായ ആളെ പ്രതിയാക്കി അറസ്റ്റ് ചെയ്തതിന് പൊലീസുകാർക്ക് അഞ്ച് ലക്ഷം രൂപ പിഴ വിധിച്ച് കോടതി. യഥാർത്ഥ പ്രതിയുടെ അതേ പേരിലുള്ള മറ്റൊരാളെ പ്രതിയാക്കിയതിനാണ് കോടതി പിഴ ശിക്ഷ വിധിച്ചത്. കർണാടകയിലെ മംഗളൂരുവിൽ പ്രാദേശിക കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് പിഴ ചുമത്തിയത്.
പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് പിഴ ഒടുക്കണമെന്നാണ് ജില്ലാ രണ്ടാം അഡിഷണൽ എഫ്ടിഎഫ്സി പോക്സോ കോടതി ഉത്തരവിട്ടത്. പൊലീസ് ഇൻസ്പെക്ടർ രേവതി സബ് ഇൻസ്പെക്ടർ റോസമ്മ എന്നിവർക്കാണ് പിഴ വിധിച്ചത്. രണ്ട് പൊലീസുകാർക്കുമെതിരെ നടപടിയെടുക്കണമെന്നും ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് കോടതി ഉത്തരവിട്ടു.
മംഗളൂരു റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് തെറ്റായ ആളെ പ്രതി ചേർത്തത്. ഇയാളെ പ്രതിയാക്കി ഇൻസ്പെക്ടർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. അന്വേഷണ ഘട്ടത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് നവീൻ സെക്വേര എന്നുപേരുള്ള മറ്റൊരു യുവാവിനെ പ്രതിയാക്കുകയായിരുന്നു.
എന്നാൽ കോടതിയിൽ സമർപ്പിച്ച എല്ലാ രേഖകളിലും പ്രതിയുടെ പേര് നവീൻ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അതിജീവിതയ്ക്ക് വേണ്ടി വാദിച്ച അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇയാളുടെ പ്രായം 25വയസായിരുന്നു. അറസ്റ്റിലായ നവീൻ സെക്വേരയുടെ പ്രായം 47 ആണെന്നും അഭിഭാഷകൻ വാദിച്ചു.