ദില്ലി: കോളീജിയം ശുപാർശകളിൽ കേന്ദ്ര സർക്കാർ തീരുമാനങ്ങളെടുക്കാൻ വൈകുന്നതിലുള്ള അതൃപ്തി കഴിഞ്ഞ ദിവസമാണ് സുപ്രിം കോടതി മറയില്ലാതെ വെളിപ്പെടുത്തിയത്. ഇതിനിടെയിലും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻറെ സേവന കാലാവധിയായ രണ്ട് വർഷത്തിനുള്ളിൽ സുപ്രിം കോടതിയിൽ 19 ജഡ്ജിമാരുടെ നിയമനം നടക്കും. ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 34 ജഡ്ജിമാരുള്ള സുപ്രിം കോടതിയിലെ 56 ശതമാനം ജഡ്ജിമാരുടെ ഒഴിവിലേക്കുള്ള നാമനിർദേശ പ്രക്രിയയാകും കൊളീജിയം ഇതുവഴി പൂർത്തിയാക്കുക. ഇതിൽ ഏഴ് ഒഴിവുകൾ അടിയന്തരമായി നികത്തും. ജസ്റ്റിസ് എസ്. അബ്ദുൾ നസീർ 2023 ജനുവരി നാലിന് വിരമിക്കുന്നതിനെ തുടർന്നുണ്ടാകുന്നതാണ് ആദ്യത്തെ ഒഴിവ്.
അടുത്ത വർഷം മെയ്, ജൂൺ മാസങ്ങളിലായി ജസ്റ്റിസുമാരായ ഡി മഹേശ്വരി, എം ആർ ഷാ, കെ എം ജോസഫ്, അജയ് രസ്തോഗി, വി രാമസുബ്രഹ്മണ്യൻ എന്നിവരും സ്ഥാനമൊഴിയും. ജസ്റ്റിസ് കൃഷ്ണ മുരാരി അടുത്ത വർഷം ജൂലൈയിൽ വിരമിക്കുമ്പോൾ ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ടിന് ഒക്ടോബർ വരെയാണ് കാലാവധി. ജസ്റ്റിസ് എസ് കെ കൗൾ 2023 ഡിസംബറിൽ വിരമിക്കും. 2024 ഏപ്രിലിൽ ജസ്റ്റിസ് അനിരുദ്ധ ബോസും, എ.എസ് ബൊപ്പണ്ണ, ഹിമ കോഹ്ലി എന്നിവർ മേയ്, സെപ്റ്റംബർ മാസങ്ങളിലും സുപ്രിം കോടതിയിൽ നിന്നും വിരമിക്കും. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്തയെ സുപ്രിം കോടതി ജഡ്ജിയായി നിയമിക്കണമെന്ന് മുൻ ചീഫ് ജസ്റ്റിസ് യു യു ലളിതിൻറെ നേതൃത്വത്തിലുള്ള കൊളീജിയം നൽകിയ ശിപാർശ കേന്ദ്രത്തിൻറെ പരിഗണനയിലാണ്. ഈ നിർദേശത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയാൽ ഡി വൈ ചന്ദ്രചൂഡ് സത്യവാചകം ചൊല്ലിക്കൊടുക്കുന്ന ആദ്യ സുപ്രിം കോടതി ജഡ്ജി ദീപാങ്കർ ദത്തയാകും.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻറെ പിതാവ് വൈ വി ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസ് സ്ഥാനത്തിരുന്ന 1978 ഫെബ്രുവരി 22 മുതൽ 1985 ജൂലൈ 11 വരെയുള്ള ഏഴ് വർഷ കാലാവധിയിൽ 14 സുപ്രിം കോടതി ജഡ്ജിമാരുടെ നിയമനമാണ് നടന്നത്. വൈ വി ചന്ദ്രചൂഡിൻറെ കാലത്ത് കേന്ദ്ര സർക്കാരുമായി കൂടിയാലോചിച്ചായിരുന്നു സുപ്രിം കോടതി ജഡ്ജിമരുടെ നിയമനങ്ങൾ നടപ്പാക്കിയിരുന്നത്. അദ്ദേഹം ചീഫ് ജസ്റ്റിസായിരിക്കെ നിയമിച്ച 14 പേരിൽ മൂന്നുപേർ ജുഡീഷ്യറിയുടെ തലപ്പത്തെത്തി. ജസ്റ്റിസുമാരായ ഇ എസ് വെങ്കടരാമയ്യ, സബ്യസാചി മുഖർജി, രംഗനാഥ് മിശ്ര എന്നിവരായിരുന്നു അവർ. ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ ചീഫ് ജസ്റ്റിസായിരുന്ന മൂന്നര വർഷ കാലയളവിൽ 15 ജഡ്ജിമാരെ നിയമിച്ചിരുന്നു. ഇതിൽ ജസ്റ്റിസുമാരായ പി സദാശിവം, ആർ എം ലോധ, എച്ച് എൽ ദത്തു, ടി.എസ് താക്കൂർ എന്നിവരാണ് ചീഫ് ജസ്റ്റിസുമാരായത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് ശേഷം ജസ്റ്റിസ് സഞ്ജീവ് ഖന്നയാകും ചീഫ് ജസ്റ്റിസായി എത്തുക. ജസ്റ്റിസുമാരായ ബി ആർ ഗവായ്, സൂര്യകാന്ത്, വിക്രംനാഥ്, നാഗരത്ന, പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിങ്ങനെയാണ് 2030 വരെ ചീഫ് ജസ്റ്റിസ് സ്ഥാനത്തിരിക്കാൻ സാധ്യതയുള്ളവരുടെ പട്ടിക.

