നടന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ 31 ന് നടത്തും. ജനുവരിയിലാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും രജനീകാന്ത് പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ശേഷം ട്വിറ്ററിലൂടെയായിരുന്നു രജനീകാന്ത് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
തിങ്കളാഴ്ച രജനി മക്കള്‍ മണ്‍ട്രം പ്രവര്‍ത്തകരുടെ യോഗം രജനീകാന്ത് വിളിച്ചു ചേര്‍ത്തിരുന്നു.
നേരത്തെ രജനികാന്തിനെ കൂടെ ചേര്‍ക്കാന്‍ ബി.ജെ.പി ശ്രമിച്ചിരുന്നു. ഇതിന് മുന്നോടിയായി കഴിഞ്ഞയാഴ്ച ചെന്നൈയില്‍ എത്തിയ അമിത് ഷാ രജനീകാന്തുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.എന്നാല്‍ ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത് ബി.ജെ.പി നേതൃത്വത്തെ അറിയിച്ചു. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വന്‍ പ്രതീക്ഷയോടെ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദര്‍ശനം അവസാനിപ്പിച്ച് മടങ്ങി.
എസ്.ഗുരുമൂര്‍ത്തി വഴിയായിരുന്നു അമിത് ഷാ രജനീകാന്തിനെ സമീപിച്ചത്. നടന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങളും നിലനിന്നിരുന്നു. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനോട് കുടുംബത്തിന് വലിയ യോജിപ്പില്ലെന്നും രജനീകാന്ത് അറിയിച്ചു.
അതേസമയം രജനീകാന്തിനോട് ഉടന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കണമെന്ന് ഫാന്‍സ് അസോസിയേഷനായ രജനീ മക്കള്‍ മണ്‍ട്രം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ചുകൊണ്ട് വിവിധ ജില്ലകളില്‍ ആരാധകര്‍ പോസ്റ്ററുകള്‍ പതിച്ചിരുന്നു.രജനീകാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനത്തിനായി കാതോര്‍ത്തിരിക്കുകയാണെന്നും ഇനിയും കാത്തിരിക്കാന്‍ വയ്യെന്നും പോസ്റ്ററിൽ പറഞ്ഞിരുന്നു