കുന്ദമംഗലം: കല്യാണ വീടുകളിൽ വെള്ളം എത്തിക്കാൻ, ഫൂട്ട് പാത്ത് വൃത്തിയാക്കാൻ , റോഡരികിലെ കാടുവെട്ടാൻ, മാലിന്യം നീക്കാൻ, മഴ പെയ്ത് കെട്ടി നിൽക്കുന്ന വെള്ളം ഒഴുക്കി കളയാൻ അങ്ങനെ ഒരു നാടിനെ വൃത്തിയായി സൂക്ഷിക്കാൻ സ്വമനസ്സാലെ ഇറങ്ങിത്തിരിച്ചയാളാണ് കുന്ദമംഗലം സ്വദേശിയായ നെടുവഞ്ചാലിൽ മൊയ്തീൻ.പള്ളിയിൽ നിസ്കരിക്കാൻ പോയാൽ പള്ളി പരിസരവും മൊയതീൻ വൃത്തിയാക്കും. പള്ളിക്കാട് സംരക്ഷിക്കാനുള്ള പ്രവർത്തികളും മൊയ്തീൻ തന്നെ ചെയ്യും. കല്യാണ വീടുകളിൽ ചടങ്ങുകൾ കഴിഞ്ഞ് ആളുകളെല്ലാം പോയാലും വീട്ടുകാർക്കൊപ്പം മൊയ്തീൻ ഉണ്ടാവും. പരിസരം വൃത്തിയാക്കാനും ഭക്ഷണം പാചകം ചെയ്ത പാത്രങ്ങൾ കഴുകി വാഹനത്തിൽ കയറ്റാനും എല്ലാം മൊയ്തീൻ ഉണ്ടാവും. രോഗികളുടെ പരിചരണത്തിനും മൊയ്തീൻ നാട്ടുകാർക്കൊപ്പം ഉണ്ടാവും സ്വന്തക്കാരനെ പോലെ. ഒരു രൂപ പ്രതിഫലം വാങ്ങാതെയാണ് മൊയ്തീന്റെ സേവനം എന്നതാണ് മൊയ്തീൻ എന്ന മനുഷ്യനെ വ്യത്യസ്തനാക്കുന്നത്. വർഷങ്ങളായി ഇതാണ് മൊയ്തീൻ പിന്തുടരുന്ന രീതി. ഇങ്ങനെ പരിസര ശുചിത്വത്തിനായി ജീവിതം തന്നെ മാറ്റിവെച്ച മൊയ്തീന് ആദരവ് നൽകിയിരിക്കുകയാണ് നാട്. കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി പ്രദേശത്തുള്ളവരുടെ കൂട്ടായ്മയായ ദർശന റസിഡന്റ്‌സ് അസോസിയേഷനാണ് മൊയ്തീനെ ആദരിച്ചത്. അബ്ദുൽ ഗഫൂർ പാലക്കണ്ടിയിൽ മൊയ്തീനെ പൊന്നാട അണിയിച്ചു. അസോസിയേഷൻ സെക്രട്ടറി ഐ. മുഹമ്മദ് കോയ മെമെന്റോ നൽകി. അസോസിയേഷൻ ഭാരവാഹികളായ പി. ബിനീഷ്, കെ.കെ. മായ, എൻ.പി. തൻവീർ, കെ. ശബാബ്, അസറുട്ടി, കോയ, പി. ബിന്ദു, ഷിജാസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഒരു നാടിനെ സേവിക്കാൻ ജീവിതം മാറ്റി വെച്ച് മൊയ്തീൻ; ആദരം നൽകി നാട്

