കൊച്ചി: മഹാരാജാസ് കോളേജിലെ കെഎസ്‌യു-എസ്എഫ്‌ഐ സംഘർഷത്തിൽ അറസ്റ്റിലായ അനുജനെ വിട്ടയക്കണം എന്ന് ആവശ്യപ്പെട്ട് സഹോദരന്റെ ആത്മഹത്യാ ഭീഷണി. കൊച്ചി തോപ്പുംപടി പാലത്തിനു മുകളിൽ കയറിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. യുവാവിനെ രക്ഷപ്പെടുത്തി. ഫോർട്ട് കൊച്ചി സ്വദേശി കമാലാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. മഹാരാജാസിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ ഇയാളുടെ സഹോദരൻ മാലിക്കിനെ കസ്റ്റഡിയിലെടുത്തിരുന്നു. അദ്ദേഹത്തെ വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടാണ് ആത്മഹത്യാഭീഷണിയെന്ന് സംഭവ സ്ഥലം സന്ദർശിച്ച കൊച്ചി ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു. മഹാരാജാസ് കോളെജ് വിദ്യാർത്ഥിയാണ് മാലിക്.
സംഘർഷത്തിൽ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് അമൽ ജിത്ത് കുറ്റ്യാടി,വനിതാ പ്രവർത്തകയായ റൂബി അടക്കം പത്ത് എസ്എഫ്ഐക്കാർക്കും പരിക്കേറ്റിരുന്നു. ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെഎസ്‌യു നേതാക്കളായ നിയാസ് റോബിൻസൻ അടക്കം പരിക്കേറ്റ ആറ് പേരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കോളെജ് അടച്ചിടും. അനിശ്ചിതകാലത്തേക്കാണ് കോളേജ് അടച്ചിടാൻ തീരുമാനിച്ചത്. വിഷയത്തിൽ സർവ്വകക്ഷിയോഗം വിളിക്കും.