ദില്ലി : വിജയകരമായി മുന്നോട്ട് പോകുന്ന ഭാരത് ജോഡോ യാത്രയെ അട്ടിമറിക്കാൻ ബിജെപി ശ്രമം നടക്കുന്നതായി കോൺഗ്രസ്. രാഷ്ട്രീയ പ്രതിയോഗികളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബിജെപി നേരിടുകയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി. കർണാക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന് വീണ്ടും ഇഡി സമൻസ് അയച്ചതിന് പിന്നാലെയാണ് ജയറാം രമേശിന്റെ പ്രതികരണം. ഭാരത് ജോഡോ യാത്രയിൽ ഡിജിറ്റലായി അണി ചേരാൻ പ്രത്യേക ആപ്പും പുറത്തിറക്കി.
ഭാരത് ജോഡോ യാത്ര കർണാടകയിലെ പ്രചാരണം തുടരുകയാണ്. മൈസൂരിൽ കോരിച്ചൊരിയുന്ന മഴയിൽ ‘ഭാരത് ജോഡോ യാത്ര’ നയിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ദൃശ്യങ്ങളടങ്ങിയ വീഡിയോക്ക് വലിയ പ്രചാരണമാണ് ലഭിക്കുന്നത്. കനത്ത മഴയിൽ തന്നെ രാഹുൽ ഗാന്ധി ഞായറാഴ്ച പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതാണ് വീഡിയോ. സിദ്ധരാമ്മയ്യയുടെ നേതൃത്വത്തിലാണ് മൈസൂരുവിലെ പദയാത്ര നടന്നത്. ഡി കെ ശിവകുമാർ, ജയറാം രമേശ്, വീരപ്പ മൊയ്ലി തുടങ്ങിയവരും യാത്രയെ അനുഗമിച്ചു. ഇരുപതിനായിരം പ്രവർത്തകരാണ് രാഹുലിനൊപ്പം പദയാത്രയിൽ പങ്കെടുത്തത്. ഇതിനിടെ പദയാത്ര കടന്നുപോകുന്ന വഴിയിൽ കോൺഗ്രസിനെ വിമർശിച്ച് ബിജെപി പോസ്റ്ററുകൾ പതിച്ചു. നാഷ്ണൽ ഹെറാൾഡ് അഴിമതിയിലടക്കം രാഹുൽ മറുപടി പറയണമെന്നായിരുന്നു പോസ്റ്ററിലെ ആവശ്യം.