സിനിമാ നിർമാതാവും വ്യവസായിയും നടനുമായിരുന്ന അറ്റ്ലസ് രാമചന്ദ്രന്റെ വിയോഗത്തിൽ ദുഃഖം അറിയിച്ചു നിർമ്മാതാവ് കെ.ടി കുഞ്ഞിമോൻ. അറ്റ്ലസ് രാമചന്ദ്രന്റെ മരണവാർത്ത തന്നിലുണ്ടാക്കിയ ഞെട്ടലും ദുഃഖവും പറഞ്ഞറിയിക്കാൻ വയ്യാ എന്നാണ് അദ്ദേഹം കുറിക്കുന്നത്. കഴിഞ്ഞ ആഴ്ച ദുബായിൽ വച്ച് കണ്ടപ്പോൾ തിരിച്ചു വരവിനുള്ള തയാറെടുപ്പിലാണെന്ന് പറഞ്ഞിരുന്നു. വഞ്ചനയിലും ചതി കുഴികളിലും പെട്ട് ഏറെ മാനസിക ദുരിതങ്ങൾ അനുഭവിച്ച അദ്ദേഹം തിരിച്ചു വരുന്നു എന്ന് കേട്ടപ്പോൾ ഉണ്ടായ എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം തന്റെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ബാക്കി വെച്ചാണ് യാത്രയായതെന്നും കുഞ്ഞിമോൻ പറഞ്ഞു.
കെ.ടി കുഞ്ഞുമോന്റെ കുറിപ്പ്
അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു എന്ന വാർത്ത എന്നിലുണ്ടാക്കിയ ഞെട്ടലും ദുഃഖവും പറഞ്ഞറിയിക്കാൻ വയ്യാ. ഉറ്റ മിത്രത്തിന്റെ പെട്ടന്നുള്ള ഈ വേർപാട് എന്നെ അതീവ ദുഃഖിതനാക്കുന്നൂ. കഴിഞ്ഞ ആഴ്ച ദുബായ് സന്ദർശന വേളയിൽ അദ്ദേഹവുമായി സംസാരിച്ചിരുന്നു. ശക്തമായ തിരിച്ചു വരവിനുള്ള തയാറെടുപ്പിലാണ് താൻ എന്ന് പറഞ്ഞു.
വഞ്ചനയിലും ചതി കുഴികളിലും പെട്ട് ഏറെ മാനസിക ദുരിതങ്ങൾ അനുഭവിച്ച അദ്ദേഹം തിരിച്ചു വരുന്നു എന്ന് കേട്ടപ്പോൾ ഉണ്ടായ എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. പക്ഷേ ഒറ്റ രാത്രിയിൽ എല്ലാം അവസാനിച്ചു. പലരുടെയും ജീവിതത്തിന് പ്രകാശം ചൊരിഞ്ഞ് അവസാനം സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം തന്റെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ബാക്കി വെച്ച് യാത്രയായി. ആ നല്ല ആത്മാവിന്റെ നിത്യ ശാന്തിക്കായി ദൈവത്തോട് പ്രാർഥിക്കുന്നു.
ഹൃദയാഘാതത്തെ തുടർന്ന് ദുബായ് ആസ്റ്റർ മൻഖൂൾ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചത്. 80 വയസായിരുന്നു. പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ അറ്റ്ലസിന്റെ ചെയർമാൻ ആണ്. ഭാര്യ ഇന്ദിരാ രാമചന്ദ്രനും, മകൾ ഡോ.മഞ്ജു രാമചന്ദ്രനും ഒപ്പം ദുബായിലായിരുന്നു താമസം. ഏറെനാളായി വാർധക്യസഹജമായ അസുഖങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. ശനിയാഴ്ച്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വൈശാലി , വാസ്തുഹാര , സുകൃതം തുടങ്ങി ഇരുപതിലധികം ചിത്രങ്ങൾ നിർമ്മിച്ചു. അറബിക്കഥ, മലബാർ വെഡിങ് തുടങ്ങിയ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ജനകോടികളുടെ വിശ്വസ്ത സ്ഥാപനമെന്ന എന്ന പരസ്യവാചകത്തിലൂടെ മലയാളികൾക്ക് സുപരിചിതനായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ.
തൃശ്ശൂർ ജില്ലയിൽ 1942 ജൂലൈ 31 നായിരുന്നു ജനനം. മത്തുക്കര മൂത്തേടത്ത് വി. കമലാകര മേനോന്റേയും രുഗ്മിണി അമ്മയുടേയും എട്ട് മക്കളിൽ മൂന്നാമനയാരുന്നു. കവിയായിരുന്ന പിതാവിന്റെ നേതൃത്വത്തിൽ പതിവായി അക്ഷരശ്ലോകം പാരായണ മത്സരങ്ങൾ കേട്ടായിരുന്നു രാമചന്ദ്രന്റെ കുട്ടിക്കാലം.