അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെമൃതദേഹം കണ്ണൂർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. വൈകിട്ട് 3 വരെ പാർട്ടി ഓഫീസിലാകും പൊതുദർശനം. കോടിയേരിയുടെ മൃതദേഹവും വഹിച്ചുകൊണ്ട് തലശ്ശേരി വീട്ടിൽനിന്ന് കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്കുള്ള വഴിയിൽ ആളുകൾക്ക് അന്തിമോപചാരം അർപ്പിക്കാം. മീത്തലെ പീടിക,മുഴപ്പിലങ്ങാട്,എടക്കാട്,ചാല,താഴെ ചൊവ്വ, മേലേ ചൊവ്വ എന്നിവിടങ്ങളിലാണ് ആളുകൾക്ക് അന്തിമോപചാരം അർപ്പിക്കാനുള്ള സൌകര്യമൊരുക്കുന്നത്. സ്പീക്കർ ഷംസീർ, എംഎം മണി എംഎൽഎ, മുകേഷ് എംഎൽഎ, സംവിധായകൻ രഞ്ജിത്ത് ഉൾപ്പെടെയുള്ള പ്രമുഖർ വീട്ടിലേക്ക് എത്തി അന്തിമോപചാരം അർപ്പിച്ചു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗങ്ങളും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തും. സംസ്‌കാരത്തിന് ശേഷം നടക്കുന്ന അനുശോചനയോഗത്തിൽ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, പിണറായി വിജയൻ, പാർടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും.
അര്‍ബുദരോഗബാധിതനായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് കോടിയേരി അന്തരിച്ചത്.