ആവേശം വാനോളം ഉയർത്തി പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം. എല്ലാ പഞ്ചായത്ത് ആസ്ഥാനങ്ങളിലും കൊട്ടി കലാശം സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും പാമ്പാടിയിലാണ് പ്രധാന പരിപാടി. ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പോലീസ് നേരത്തെതന്നെ സ്ഥലം അനുവദിച്ച് നല്‍കിയിരുന്നു. പ്രധാന പാര്‍ട്ടികളുടെയെല്ലാം പ്രമുഖ നേതാക്കള്‍ കൊട്ടിക്കലാശം ഗംഭീരമാക്കാന്‍ പുതുപ്പള്ളിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
കൊട്ടിക്കലാശം സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും പാമ്പാടിയിലാണ് മൂന്ന് മുന്നണികളുടെയും പ്രധാന പരിപാടി.
കോട്ടയം-കുമളി ദേശീയപാതയില്‍ പാമ്പാടി കാളച്ചന്ത കവല മുതല്‍ ബസ് സ്റ്റാന്‍ഡ് വരെയുള്ള ഭാഗം സി.പി.എമ്മിനും, ബസ് സ്റ്റാന്‍ഡ് മുതല്‍ പാമ്പാടി ഗ്രാമ പഞ്ചായത്ത് ഓഫീസ് വരെയുള്ള ഭാഗം കോണ്‍ഗ്രസിനും കൊട്ടിക്കലാശത്തിന് അനുവദിച്ചിട്ടുണ്ട്. പഞ്ചായത്ത് മുതല്‍ താലൂക്ക് ആശുപത്രിപടിവരെ ആം ആദ്മി പാര്‍ട്ടിക്കും, ആശുപത്രി മുതല്‍ ആലാംപള്ളി വരെ ബി.ജെപിക്കുമാണ് അനുവദിച്ചിട്ടുള്ളത്. കൊട്ടിക്കലാശം കണക്കിലെടുത്ത് ദേശീയ പാതയില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോട്ടയത്തേക്കുള്ള വാഹനങ്ങള്‍ ആലാംപള്ളിയില്‍ നിന്ന് തിരിഞ്ഞ് പൊത്തന്‍പുറം വഴി എട്ടാം മൈലില്‍ എത്തി പോകണം. കുമളി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ആര്‍.ഐ.ടി. കവലയില്‍ നിന്ന് തിരിഞ്ഞ് കോത്തലയിലെത്തി പോകണം എന്നാണ് നിര്‍ദേശം.