പുരാവസ്തു തട്ടിപ്പുകേസിൽ മുൻ ഡി ഐ ജി എസ് സുരേന്ദ്രന്റെ ഭാര്യക്ക് നോട്ടീസ് അയച്ച് ക്രൈം ബ്രാഞ്ച്. സുരേന്ദ്രന്റെ വീട്ടിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽചോദ്യം ചെയ്യലിനായി ഹാജരാകാനാണ് നിർദ്ദേശം. മോൻസണ് വ്യാജപുരാവസ്തുക്കൾ കൈമാറിയ ശില്പി സന്തോഷിനേയും ചോദ്യം ചെയ്തേക്കും.
മോൻസണ് അടുപ്പമുണ്ടായിരുന്ന എസ് സുരേന്ദ്രനും കുടുംബവുമായും സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നാണ് പുതിയ കണ്ടെത്തൽ. ആദ്യഘട്ടത്തിൽ എസ് സുരേന്ദ്രനെ കേസിൽ പ്രതി ചേർത്തിരുന്നെങ്കിലും പിന്നീട് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയെ കൂടി പ്രതിപ്പട്ടികയില്‍ ചേർക്കുകയായിരുന്നു.
വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ക്രൈംബ്രാഞ്ച് പോയേക്കുമെന്നാണ് വിവരം. അതേസമയം, കേസിൽ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ പുതുപ്പള്ളി തിരഞ്ഞെടുപ്പിന് ശേഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പിൽ ഹാജരാകും.