യു.കെയെ പിന്തള്ളി ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ.2021-ന്റെ അവസാന മൂന്ന് മാസങ്ങളിലാണ് രാജ്യം ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയത്. യുകെയെ ഉയർന്ന ജീവിതച്ചെലവ് പിടിമുറുക്കിയ സമയത്തായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിൽ ഇത് രണ്ടാം തവണയാണ് ഇന്ത്യ യുകെയെ പിന്നിലാക്കുന്നത്. ഇതിന് മുമ്പ് 2019ലാണ് ഇന്ത്യ യുകെയെ മറികടന്നത്.അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് നിലവില്‍ ഇന്ത്യക്കു മുന്നിലുള്ളത്. യു.കെ. (യുണൈറ്റഡ് കിങ്ഡം) ഇന്ത്യയ്ക്കു പിന്നില്‍ ആറാം സ്ഥാനത്താണുള്ളത്. അന്താരാഷ്ട്ര നാണയ നിധിയുടെ ജിഡിപി കണക്കുകൾ പ്രകാരം ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രാജ്യം മുന്നേറ്റം നടത്തിയിട്ടുണ്ട്. മാർച്ച് വരെയുള്ള പാദത്തിൽ 854.7 ബില്യൺ ഡോളറായിരുന്നു ഇന്ത്യയുടെ വളർച്ച എന്നാൽ യുകെയിൽ ഇത് 814 ബില്യൺ ഡോളറായിരുന്നു.