അപേക്ഷ ക്ഷണിച്ചു
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്ക്‌നിക്ക് കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ ഒരുവർഷം ദൈർഘ്യമുള്ള കെ.ജി.റ്റി.ഇ പ്രീ പ്രസ്സ് ഓപ്പറേഷൻ, പ്രസ്സ്‌വർക്ക് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ്സ് പാസ്സായിരിക്കണം. അപേക്ഷഫോം www.sitttrkerala.ac.in ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോം, സ്വയംസാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പത്ത് രൂപ അപേക്ഷ ഫീസ് എന്നിവ സഹിതം സെൻട്രൽ പോളിടെക്ക്‌നിക്ക് കോളേജിന്റെ ഓഫീസിൽ സമർപ്പിക്കണം. പൂരിപ്പിച്ച അപേക്ഷകൾ 20ന് വൈകിട്ട് നാല് വരെ സ്വീകരിക്കും.
ശമ്പളപരിഷ്‌കരണ റിപ്പോർട്ട് സമർപ്പിച്ചു
കെ.മോഹൻദാസ് ഐ.എ.എസ്(റിട്ട) ചെയർമാനായും പ്രൊഫ.(റിട്ട.) എം.കെ.സുകുമാരൻ നായർ, അഡ്വ.അശോക് മാമൻ ചെറിയാൻ എന്നിവർ അംഗങ്ങളായുമുള്ള പതിനൊന്നാം കേരള ശമ്പള പരിഷ്‌കരണ കമ്മീഷൻ റിപ്പോർട്ടിന്റെ ആറും ഏഴും ഭാഗങ്ങൾ സർക്കാരിന് സമർപ്പിച്ചു. ആറാം ഭാഗത്തിൽ ഗ്രാന്റ്-ഇൻ-എയ്ഡ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളവും പെൻഷനും പരിഷ്‌കരിക്കുന്നത് സംബന്ധിച്ച ശുപാർശകളും, ഏഴാം ഭാഗത്തിൽ ഭരണപരമായ കാര്യക്ഷമത, സാമൂഹിക ഉത്തരവാദിത്തം, ജനസൗഹാർദ്ദം, ലിംഗനീതി എന്നിവ സംബന്ധിച്ച ശുപാർശകളും ഉൾക്കൊള്ളുന്നു. കമ്മീഷന്റെ കാലാവധി ആഗസ്റ്റ് 31ന് അവസാനിച്ചിരുന്നു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ്: അപേക്ഷാ തീയതി നീട്ടി
തിരുവനന്തപുരം സർക്കാർ വനിത പോളിടെക്‌നിക് കോളേജിന് കീഴിൽ ബാലരാമപുരം തേമ്പാമുട്ടത്ത് പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ നടത്തുന്ന രണ്ട് വർഷത്തെ ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിന് 2021-2022 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ 15 വരെ സ്വീകരിക്കും. അപേക്ഷാഫോമും വിശദവിവരങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസും www.sitttrkerala.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, രജിസ്‌ട്രേഷൻ ഫീസ് ആയ 25 രൂപ എന്നിവ സഹിതം ബാലരാമപുരം തേമ്പാമുട്ടം ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ 15ന് വൈകിട്ട് നാല് മണിക്ക് മുൻപ് സമർപ്പിക്കണം. എസ്.എസ്.എൽ.സി പാസ്സായിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. കൂടുതൽ വിവരങ്ങൾക്ക്: 9562012613.
സഹകരണ വാരാചരണം നവംബർ 14 മുതൽ
2021ലെ സഹകരണ വാരാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിക്കാൻ തീരുമാനം. സഹകരണം, രജിസ്‌ട്രേഷൻ മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ ചേർന്ന ആലോചനായോഗത്തിലാണ് വിപുലമായ പരിപാടികളോടെ ഇത്തവണത്തെ വാരാഘോഷം നടത്താൻ തീരുമാനിച്ചത്. നവംബർ 14 മുതൽ 20 വരെയാണ് വാരാഘോഷം. സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിലാകും പരിപാടികൾ. കോവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരിക്കും പരിപാടികൾ. സംസ്ഥാന, ജില്ല, താലൂക്ക് തലത്തിലായിരിക്കും ആഘോഷം സംഘടിപ്പിക്കുക. സഹകരണ മേഖലയുമായി ബന്ധപ്പെട്ട ചർച്ചകൾ, സെമിനാറുകൾ, സിമ്പോസിയങ്ങൾ എന്നിവ സംഘടിപ്പിക്കും. അന്താരാഷ്ട്ര തലത്തിലെ വിദഗ്ദ്ധർ പരിപാടികളിൽ പങ്കെടുക്കും. സഹകരണ രംഗത്തെ വെല്ലുവിളികളെ കുറിച്ചും ചർച്ച ചെയ്യും. പ്രതിരോധ നടപടികൾ ആവിഷ്‌കരിക്കുന്നതിനുള്ള വിപുലമായ ആലോചനകളും വാരാഘോഷത്തിലുണ്ടാകും. 14 ന് തിരുവനന്തപുരത്തായിരിക്കും സംസ്ഥാനതല ഉദ്ഘാടനം. 20 ന് കോഴിക്കോട് സമാപന യോഗം നടത്താനാണ് തീരുമാനം. സംസ്ഥാനത്തെ സഹകാരികൾക്കും പൊതുജനങ്ങൾക്കും പങ്കാളിത്തം ലഭിക്കുന്ന വിധത്തിലായിരിക്കും പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ, സഹകരണ സെക്രട്ടറി മിനി ആന്റണി, രജിസ്ട്രാർ പി.ബി. നൂഹു എന്നിവർ ആലോചനാ യോഗത്തിൽ പങ്കെടുത്തു.

