ത്രിവത്സര എൽ.എൽ.ബി പ്രവേശനം
ഓഗസ്റ്റ് 13ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന ത്രിവത്സര എൽ.എൽ.ബി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്കായി ഓൺലൈൻ അപേക്ഷ നൽകിയ വിദ്യാർഥികൾക്ക് അവരവരുടെ പ്രൊഫൈലിലെ ഫോട്ടോ, ഒപ്പ് എന്നിവ പരിശോധിക്കാം. www.cee.kerala.gov.in ൽ നൽകിയിട്ടുള്ള Three Year LLB 2023 – Candidate Portal എന്ന ലിങ്കിൽ പ്രൊഫൈൽ പരിശോധിക്കുന്നതിനും ന്യൂനതകളുള്ള പക്ഷം അവ ഓഗസ്റ്റ് 5ന് വൈകീട്ട് നാലിനകം തിരുത്തുന്നതിനാവശ്യമായ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റിൽ വിജ്ഞാപനം കാണുക.
എം.ടെക് കോഴ്സിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളജ് ഐ.ഐ.ടികളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന ഇന്റർഡിസിപ്ലിനറി ട്രാൻസ്‌ലേഷണൽ എൻജിനിയറിങ് എം.ടെക് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഏതു ബ്രാഞ്ചിൽ ബി.ഇ/ബി.ടെക് ഡിഗ്രി എടുത്തവർക്കും അപേക്ഷിക്കാം. ഐ.ഐ.ടി, എൻ.ഐ.ടികളിൽ ഇന്റേൺഷിപ് ചെയ്യാനുള്ള അവസരവും കോഴ്സ് മുഖേന ലഭിക്കും. സാമൂഹിക പ്രതിബദ്ധതയും പുത്തൻ ആശയങ്ങൾ സ്വാംശീകരിക്കാനുള്ള ചേതനയുമാണ് കോഴ്സിന്റെ സവിശേഷതകൾ. ഏതാനും സീറ്റുകൾ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്കായി സംവരണം ചെയ്തിട്ടുണ്ട്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നൽകുന്ന സംവരണ ആനുകൂല്യം ഈ കോഴ്സിനും ബാധകമാണ്. ഗേറ്റ് യോഗ്യതയുള്ളവർക്ക് എ.ഐ.സി.ടി.ഇയുടെ സ്കോളർഷിപ്പ് ലഭിക്കും. അവസാന തീയതി ഓഗസ്റ്റ് 10. വിശദവിവരങ്ങൾക്ക്: www.tplc.gecbh.ac.in, www.gecbh.ac.in, 7736136161, 9995527866, 9995527865.
വിവിധ പരിശീലനങ്ങൾക്ക് അപേക്ഷിക്കാം
സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ കീഴിലുള്ള റീച്ചിൽ കുറഞ്ഞ നിരക്കിൽ 100 ശതമാനം പ്ലേസ്മെന്റ് അസിസ്റ്റൻസ് ഉറപ്പ് നൽകുന്ന എൻ.എസ്.ഡി.സി അംഗീകൃത കോഴ്സുകളായ പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റ സയൻസ് തുടങ്ങിയ നിരവധി കോഴ്സുകളിലും, ഇംഗ്ലീഷിൽ ആശയ വിനിമയം നടത്താൻ ആത്മവിശ്വാസമേകുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിലും പരിശീലനം ഉടൻ ആരംഭിക്കും. പ്ലസ്ടു, ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് 18. വിശദവിവരങ്ങൾക്ക്: 0471-2365445, 9496015002, www.reach.org.in.
പ്ലാനിങ് ബോർഡിൽ ഇന്റേൺഷിപ്പ്
ഇന്ത്യയിലെ അംഗീകൃത സർവകലാശാലകൾ / ഗവേഷണ സ്ഥാപനങ്ങൾ / കോളജുകളിൽ നിന്നും അവസാന സെമസ്റ്റെർ/വർഷ ബിരുദാനന്തര ബിരുദം ചെയ്തു കൊണ്ടിരിക്കുന്നതോ നിലവിൽ എം.ഫിൽ/പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കുന്നതോ (രജിസ്റ്റർ ചെയ്തതോ) ആയ വിദ്യാർഥികളിൽ നിന്ന് ഇന്റേൺഷിപ്പിന് സംസ്ഥാന ആസൂത്രണ ബോർഡ് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷാഫോമും spb.kerala.gov.in ൽ ലഭിക്കും.
ഡപ്യൂട്ടേഷൻ നിയമനം
നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ ഡിഫൻറ്‌ലി ഏബിൾഡ്, തിരുവനന്തപുരം ഓഫീസിലേക്ക് അപ്പർ ഡിവിഷൻ ക്ലർക്ക് – ഗ്രൂപ്പ് സി തസ്തികയിലേക്ക് ഡപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ലെവൽ 4 – ൽ 25,500 – 81,1000 രൂപ പേസ്കെയിലിൽ കേന്ദ്ര, സംസ്ഥാന ഗവൺമെന്റ് സർവീസിലുള്ളവർക്ക് അപേക്ഷിക്കാം. നിർദിഷ്ട യോഗ്യത തെളിയിക്കുന്ന രേഖകൾ, അവസാന അഞ്ച് വർഷത്തെ വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോമുൾപ്പെടെ ആഗസ്റ്റ് 31ന് മുൻപായി അസിസ്റ്റന്റ് ഡയറക്ടർ ഓഫ് എംപ്ലോയ്മെന്റ്, നാഷണൽ കരിയർ സെന്റർ ഫോർ ഡിഫറന്റിലി ഏബിൾഡ്, നാലാഞ്ചിറ പി. ഒ. തിരുവനന്തപുരം എന്ന വിലാസത്തിൽ അയക്കണം.
താൽക്കാലിക നിയമനം
കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താൽക്കാലിക സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്സ് (13) ജനറൽ നഴ്സിങ് മിഡ്‌വൈഫറി അല്ലെങ്കിൽ ബി എസ് സി നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനാണ് യോഗ്യത. 18നും 41 വയസ്സിനും ഇടയിലുള്ളവരായിരിക്കണം. 17,000 രൂപ പ്രതിമാസ വേതനം. ഉദ്യോഗാർഥികൾ gmchkollam@gmail.com എന്ന ഇ-മെയിലിലോ തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷകൾ നൽകണം. അപേക്ഷകൾ നൽകേണ്ട അവസാന തീയതി ആഗസ്റ്റ് 19 വൈകുന്നേരം അഞ്ച് മണി. ഇന്റർവ്യൂ ആഗസ്റ്റ് 23ന് രാവിലെ 11 മണി മുതൽ കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ വച്ച് നടക്കും.
ആരോഗ്യ ഗവേഷണ രംഗത്ത് കേരളത്തിന് വ്യത്യസ്തമായ നയം
വേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി
*2021ലെ കൈരളി ഗ്ലോബൽ ലൈഫ്‌ടൈം അച്ചീവ്‌മെൻറ് അവാർഡ് പ്രൊഫ സലിം യൂസഫിന് സമ്മാനിച്ചു
വികസിത രാഷ്ട്രങ്ങളിലെ ആരോഗ്യ പരിപാലന സംവിധാനത്തിന് സമാനമായ സംവിധാനങ്ങളുള്ള കേരളത്തിലെ ആരോഗ്യ ഗവേഷണരംഗത്ത് ദേശീയതലത്തിൽ നിന്ന് ഭിന്നമായ നയം വേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി (എസ്.സി.ടി.ഐ.എം.എസ്. ടി), കേരള മെഡിക്കൽ ടെക്‌നോളജി കൺസോർഷ്യം (കെ.എം.ടി.സി) എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടുദിവസത്തെ ബയോമെഡിക്കൽ ട്രാൻസ്ലേഷനൽ റിസർച്ച് അന്താരാഷ്ട്ര കോൺഫറൻസ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിന്റെ ആരോഗ്യ പരിപാലന സംവിധാനം രാജ്യത്ത് ഒന്നാമതാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ നേരിടുന്ന ആരോഗ്യ വെല്ലുവിളികൾ അല്ല നമുക്കുള്ളത്. നാം നേരിടുന്ന ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങൾ വികസിത രാഷ്ട്രങ്ങളുടേതിന് സമാനമാണ്. അത് സൂചിപ്പിക്കുന്നത് ആരോഗ്യ ഗവേഷണ മേഖലയിൽ ദേശീയതലത്തിൽ നിന്ന് വ്യത്യസ്തമായ ഒരു നയമാണ് കേരളത്തിൽ വേണ്ടത് എന്നതാണ്. ആ നയം ദേശീയ തലത്തിൽ നിന്ന് വ്യത്യസ്തവും അതേ സമയം ലോകനിലവാരത്തിലുള്ളതായിരിക്കുകയും വേണം, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വികസിത രാഷ്ട്രങ്ങളുടെ ആരോഗ്യ ഗവേഷണ നിലവാരത്തിലേക്ക് കേരളത്തിന് ഉയരാൻ സാധിച്ചിട്ടില്ല. നമ്മുടെ ഗവേഷണ നിലവാരം വികസിതരാഷ്ട്രങ്ങളുടെ ഒപ്പമെത്തിക്കണം എന്നാണ് സർക്കാരിന്റെ ലക്ഷ്യം. ആരോഗ്യ ഗവേഷകരുടെ ശ്രദ്ധ പതിയേണ്ട പല പ്രശ്‌നങ്ങളും കേരളത്തിൽ വർധിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. വിട്ടുമാറാത്ത രോഗങ്ങളും പകർച്ചവ്യാധികൾ അല്ലാത്ത രോഗങ്ങളും വർധിച്ചുവരികയാണെന്ന് പഠനങ്ങൾ കാണിക്കുന്നു. സാമ്പത്തിക അസമത്വം മൂലമുള്ള പ്രശ്‌നങ്ങൾ, പ്രായാധിക്യം മൂലമുള്ള പ്രശ്‌നങ്ങൾ, അവരുടെ ചികിത്സയ്ക്കായി പ്രത്യേക സംവിധാനം വികസിപ്പിക്കേണ്ട ആവശ്യകത എന്നിവയുണ്ട്. ആരോഗ്യ പരിപാലന സംവിധാനം അതിന്റെ വികസനത്തിനാവശ്യമായ പുതിയ അറിവുകൾ കണ്ടെത്തണം. അത് കാലതാമസമില്ലാതെ ജനങ്ങൾക്ക് പ്രയോജനപ്പെടുത്തുകയും വേണം. ആ ലക്ഷ്യത്തിൽ ഊന്നിയാണ് ട്രാൻസ്ലേഷനൽ ഗവേഷണത്തിന് സംസ്ഥാന സർക്കാർ പ്രാമുഖ്യം നൽകുന്നത്. പല പ്രാദേശിക രോഗങ്ങളുടെയും മൂലകാരണം വ്യക്തമല്ല. ഇതിന് വിദഗ്ധ പഠനം വേണ്ടതുണ്ട്. ആരോഗ്യ സർവകലാശാല, സംസ്ഥാനത്തെ പ്രഗല്ഭ മെഡിക്കൽ കോളജുകൾ, നഴ്‌സിങ്ങ്, ഫാർമസി, പാരാമെഡിക്കൽ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഗവേഷണത്തിന് ആവശ്യമായ സജ്ജീകരണമൊരുക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു.
പകർച്ചവ്യാധികളെക്കുറിച്ചുള്ള അടിസ്ഥാന പരീക്ഷണങ്ങൾ നടത്താൻ കഴിയുന്ന വിധം
സ്ഥാപനങ്ങൾ സജ്ജമാക്കാനുള്ള പരിശ്രമത്തിലാണ് സർക്കാർ. ആകുന്നത്ര കേന്ദ്രങ്ങളിൽ ബയോമെഡിക്കൽ വിഷയങ്ങളിൽ മൾട്ടി ഡിസിപ്ലിനറി ലാബുകൾ സജ്ജമാക്കും. മെഡിക്കൽ കോളജുകളിലെ ചികിത്സാ പഠനത്തിൽ ഗവേഷണം അഭിവാജ്യഘടകമാകേണ്ടത് അത്യാവശ്യമാണ്. ജീനോമിക്‌സ് പോലെയുള്ള കാതലായ വിഷയങ്ങളിലെ ഗവേഷണത്തിനായി ബയോ ബാങ്കുമായി ബന്ധപ്പെട്ട് അനന്തമായ ഡാറ്റാ സൗകര്യത്തോടു കൂടിയ അത്യാധുനിക സൗകര്യമുള്ള ഒരു മികവിന്റെ കേന്ദ്രം സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ തുടങ്ങിക്കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. അത്തരമൊരു ലോകോത്തര മികവിന്റെ കേന്ദ്രത്തിലേക്ക് ആരോഗ്യ ഗവേഷണ രംഗത്തെ പ്രശസ്തരായ മലയാളികളെ ആവശ്യമുണ്ട്. ആരോഗ്യ ഗവേഷണ രംഗത്ത് ആഗോള പ്രശസ്ത മലയാളികൾ ഉണ്ടെങ്കിലും അവർ ബഹുഭൂരിഭാഗവും വിദേശത്താണ്. പക്ഷേ അവരുമായി സമ്പർക്കത്തിൽ ഏർപ്പെടാനുള്ള മെഡിക്കൽ ഡാറ്റ നമുക്കുണ്ട്. കാനഡ മക്മസ്റ്റർ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും ആഗോള പ്രശസ്ത കാർഡിയോളജിസ്റ്റുമായ പ്രൊഫ. സലിം യൂസഫ് അത്തരമൊരാളാണ്. കുറച്ചുനാളത്തേക്ക് സലിം യൂസഫിനെ പോലുള്ളവരുടെ സേവനം കേരളത്തിനു ലഭ്യമാക്കുന്ന തരത്തിൽ ബ്രെയിൻ ഗെയ്ൻ എന്ന പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കി വരികയാണ്.
ആഗോള പ്രശസ്തരായ ആരോഗ്യ ഗവേഷകരെ ഇങ്ങോട്ടേക്ക് വിളിച്ചുവരുത്തി നമ്മുടെ വിദഗ്ധരുമായി അവരുടെ അറിവുകൾ പങ്കുവയ്ക്കുന്ന സ്‌കോളർ-ഇൻ-റസിഡൻസ് പദ്ധതിയും നടന്നുവരുന്നു. ലോകപ്രശസ്തരായ മലയാളികൾക്ക് എന്തുകൊണ്ടാണ് ഇൻഹൗസ് എക്‌സലൻസ് കഴിയാതെ വരുന്നത് എന്ന് നാം ഗൗരവത്തിൽ ചിന്തിക്കേണ്ടതുണ്ട്. സർക്കാർ ഇവിടെ കഴിയുന്നത്ര സൗകര്യങ്ങളൊരുക്കാൻ ശ്രമിക്കുകയാണ്. ന്യൂനതകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. വളരെ വലിയ മെഡിക്കൽ ഡാറ്റാശേഖരം ഇപ്പോൾ നമുക്കുണ്ട്. സ്വകാര്യത സംരക്ഷിക്കും എന്ന് ഉറപ്പാക്കിയശേഷം അവ മികച്ച ഗവേഷണ പഠനത്തിനായി വിദഗ്ധർക്ക് ലഭ്യമാക്കണമെന്നാണ് സർക്കാർ നിലപാട്, മുഖ്യമന്ത്രി പറഞ്ഞു. ശിൽപ്പശാലയിലെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ 2021 ലെ കൈരളി ഗ്ലോബൽ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് മുഖ്യമന്ത്രി സലിം യൂസഫിന് സമ്മാനിച്ചു. 5 ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. പകർച്ചവ്യാധി രോഗങ്ങൾ, പകർച്ചവ്യാധി അല്ലാത്ത രോഗങ്ങൾ, പ്രായാധിക്യം മൂലമുള്ള പ്രശ്‌നങ്ങൾ എന്നിവയെല്ലാം വളരെയധികമുള്ള സംസ്ഥാനത്ത് ട്രാൻസ്ലേഷനൽ ഗവേഷണത്തിന്റെ പ്രസക്തി വളരെയധികമാണെന്ന് അധ്യക്ഷത വഹിച്ച സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ് ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതും ആയുസ്സ് നീട്ടികിട്ടുന്നതിനും ഉതകുന്ന ശാസ്ത്ര ഗവേഷണഫലങ്ങൾ അക്കാദമിക് രംഗത്ത് പരിമിതപ്പെടുത്താതെ ഏതൊരു സാധാരണക്കാരനും ലഭ്യമാകേണ്ടതുണ്ട് എന്നും അവർ അഭിപ്രായപ്പെട്ടു.
ജനങ്ങളിൽ ഊന്നിയുള്ള വൈജ്ഞാനിക സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാനാണ് കേരളത്തിന്റെ ശ്രമമെന്ന് ചടങ്ങിൽ സംസാരിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയോടെ കൂടിയുള്ള ഗവേഷണം എന്നതാണ് സർക്കാരിന്റെ നിലപാട്. ട്രാൻസ്ലേഷനൽ റിസർച്ചിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഇതുവരെ മൂന്നു ശില്പശാലകൾ നടത്തിയിരുന്നു. ജർമനിയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഓഫ് മെഡിസിൻ ജെയിംസ് സ്പുടിച്ച്, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ രാജൻ ഗുരുക്കൾ, ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, കെ.എം.ടി.സി സ്‌പെഷ്യൽ ഓഫീസർ സി പത്മകുമാർ, എസ്.സി.ടി.ഐ.എം.എസ്. ടി ഡയറക്ടർ സഞ്ജയ് ബെഹാരി, എന്നിവർ സംസാരിച്ചു. രണ്ടു ദിവസത്തെ ശിൽപ്പശാലയിൽ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി പ്രഗൽഭർ പേപ്പറുകൾ അവതരിപ്പിക്കും.
ചൈൽഡ് ഹെൽപ് ലൈൻ സേവനങ്ങൾ ഇനി മുതൽ വനിതാ ശിശു വികസന വകുപ്പ് മുഖേന
സേവനങ്ങൾക്കും അടിയന്തര സഹായങ്ങൾക്കും വിളിക്കാം 1098
ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികൾക്കായി ചൈൽഡ് ലൈൻ ഇന്ത്യ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന 1098 ടോൾഫ്രീ കോൾ സെന്റർ സംവിധാനം പൂർണമായും വനിത ശിശു വികസന വകുപ്പിന്റെ കീഴിലാക്കിയതായി ആരോഗ്യ, വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ്. കുട്ടികൾക്ക് സേവനങ്ങൾക്കും അടിയന്തര സഹായങ്ങൾക്കുമായി എമർജൻസി നമ്പരായ 1098ൽ 24 മണിക്കൂറും വിളിക്കാം. ഇതിനായി സംസ്ഥാനതല കൺട്രോൾ റൂമും ജില്ലാതല യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. 18 ജീവനക്കാരാണ് സ്റ്റേറ്റ് കൺട്രോൾ റൂമിൽ സേവനമനുഷ്ഠിക്കുന്നത്. ജില്ലകളിൽ ഡിസിപിഒ യൂണിറ്റുകളോട് ചേർന്ന് 8 പേരുള്ള ജില്ലാതല യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകളിൽ ഹെൽപ്പ് ലൈനുകളും പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനതല കൺട്രോൾ റൂം തിരുവനന്തപുരത്തെ വനിത ശിശുവികസന വകുപ്പ് ഡയറക്ടറേറ്റിലാണ് സജ്ജമാക്കിയിരിക്കുന്നത്. 1098 ലേക്ക് വിളിക്കുന്ന കോളുകൾ സംസ്ഥാന കൺട്രോൾ റൂമിലാണ് എത്തുന്നത്. ഈ കോളുകൾ അടിയന്തര ഇടപെടലിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി ജില്ലകളിലെ ചൈൽഡ് ഹെൽപ് ലൈൻ യൂണിറ്റിലേക്ക് അയച്ചു കൊടുക്കുകയും ഉടൻ നടപടി സ്വീകരിക്കുന്നതുമാണ്. അടിയന്തര പ്രധാന്യമുള്ള എമർജൻസി കോളുകൾ 112ലേക്ക് ഫോർവേർഡ് ചെയ്യുകയും ആവശ്യ നടപടികൾ ഉറപ്പു വരുത്തുകയും ചെയ്യും. നിലവിൽ 1098 എന്ന നമ്പർ നിലനിർത്തിയാണ് പൊതു എമർജൻസി നമ്പരായ 112ൽ ചൈൽഡ് ലൈൻ സേവനങ്ങൾ ഏകോപിപ്പിച്ചിട്ടുള്ളത്.
കാളന്‍ മെമ്മോറിയല്‍ കോളേജില്‍ ഡിഗ്രി സീറ്റൊഴിവ്
മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.കോം കോര്‍പ്പറേഷന്‍ എന്നീ കോഴ്സുകളില്‍ എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഇവരുടെ അഭാവത്തില്‍ ജനറല്‍ വിഭാഗത്തിനെയും പരിഗണിക്കും. ഫോണ്‍: 9387288283.
ട്രൈബല്‍ പാരാമെഡിക്സ് ട്രെയിനി നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ട്രൈബല്‍ പാരാമെഡിക്സ് പദ്ധതിയിലേക്ക് ട്രെയിനിമാരെ നിയമിക്കുന്നു. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. യോഗ്യത നേഴ്സിംഗ്, ഫാര്‍മസി, മറ്റു പാരാമെഡിക്കല്‍ കോഴ്സ് ബിരുദം, ഡിപ്ലോമ. പ്രായപരിധി 21 നും 35 നും മദ്ധ്യേ. ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള പി.എച്ച്.സി മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആശുപത്രികളിലാണ് നിയമനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസ് കല്‍പ്പറ്റയിലോ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നീ ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസുകളിലോ ആഗസ്റ്റ് 16 നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിന്റെ മാതൃകയ്ക്കും www.stdd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04936 202232.
അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങള്‍; പരാതി അറിയിക്കാം
സംസ്ഥാന സര്‍ക്കാരിന്റെ അംഗീകൃത പൊതു സേവന കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സേവന നിരക്ക് മാത്രമേ നല്‍കേണ്ടതുള്ളു. സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള സേവന നിരക്ക് പൊതുജനങ്ങള്‍ക്ക് കാണത്തക്ക വിധത്തില്‍ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കുന്നതിനും, നല്‍കുന്ന സേവനങ്ങളുടെ നിരക്ക് സംബന്ധിച്ച രസീത് എല്ലാ ഉപഭോക്താക്കള്‍ക്കും നിര്‍ബന്ധമായും നല്‍കുന്നതിനും അക്ഷ കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എതെങ്കിലും അക്ഷയ കേന്ദ്രത്തില്‍ സേവനനിരക്ക് പ്രദര്‍ശിപ്പിച്ചിട്ടില്ലെങ്കിലോ രസീത് ലഭ്യമല്ലെങ്കിലോ പൊതുജനങ്ങള്‍ക്ക് അക്ഷയ ജില്ലാ ഓഫീസിലോ സംസ്ഥാന സര്‍ക്കാരിന്റെ സിറ്റിസണ്‍ കോള്‍ സെന്ററിലോ അറിയിക്കാം. അക്ഷയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സേവനങ്ങള്‍, സേവന നിരക്ക് എന്നിവ സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണിതെന്ന് അക്ഷയ ചീഫ് കോര്‍ഡിനേറ്റര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു.
അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങളെ സംബന്ധിച്ച പരാതികള്‍ അക്ഷയ ജില്ലാ ഓഫീസിലോ സംസ്ഥാന ഓഫീസിലോ സമര്‍പ്പിക്കാം. സേവനങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കുക, രസീത് നല്‍കാതിരിക്കുക, മോശം പെരുമാറ്റം ഉണ്ടാവുക എന്നീ സന്ദര്‍ഭങ്ങളില്‍ സിറ്റിസണ്‍ കോള്‍ സെന്ററിനെയോ (155300), ജില്ലാ ഓഫീസിനെയോ (04936 206267/65), എന്നീ നമ്പറുകളില്‍ അറിയിക്കുകയോ, adpowyd.akshaya@kerala.gov.in എന്ന മെയില്‍ ഐഡിയിലേക്ക് മെയില്‍ അയക്കുകയോ ചെയ്യാം.
അപ്പീല്‍ നല്‍കിയവര്‍ക്ക് ശാരീരിക അളവെടുപ്പ്
ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ ഡ്രൈവര്‍ (കാറ്റഗറി നം. 405/2021) തസ്തികയുടെ തെരെഞ്ഞെടുപ്പിന്റെ ഭാഗമായി പി.എസ്.സി നടത്തിയ ശാരീരിക അളവെടുപ്പില്‍ പരാജയപ്പെട്ട് അപ്പീല്‍ നല്‍കി പ്രായോഗിക പരീക്ഷയില്‍ വിജയിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ശാരീരിക പുന:രളവെടുപ്പ് ആഗസ്റ്റ് 10 ന് ഉച്ചയ്ക്ക് 12 മുതല്‍ പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം ആസ്ഥാന ഓഫീസില്‍ വെരിഫിക്കേഷനും അളവെടുപ്പിനുമായി ഹാജരാകണം. ഫോണ്‍: 04936 202539.
കുടുംബകോടതി ജഡ്ജി സിറ്റിംഗ്
കുടുംബകോടതി ജഡ്ജി ടി.പി. സുരേഷ് ബാബു ആഗസ്റ്റ് 11 ന് രാവിലെ 11 മുതല്‍ 5 വരെ സുല്‍ത്താന്‍ ബത്തേരി കോടതിയിലും 19 ന് രാവിലെ 11 മുതല്‍ 5 വരെ മാനന്തവാടി കോടതിയിലും സിറ്റിംഗ് നടത്തും.
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലയിലെ വിവിധ കോടതികളിലായി സ്ഥാപിച്ച 2 കെ.വി.എ യു.പി.എസുകള്‍ 5 എണ്ണം, 600 വി.എ 44 യു.പി.എസുകള്‍ എന്നിവയുടെ ഒരു വര്‍ഷത്തേക്കുള്ള അറ്റകുറ്റപ്പണികള്‍ക്ക് അംഗീകൃത വിതരണക്കാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്തംബര്‍ 4 ന് വൈകീട്ട് 3 നകം കല്‍പ്പറ്റ ജില്ലാ കോടതി ഓഫീസില്‍ ക്വട്ടേഷന്‍ ലഭിക്കണം. ഫോണ്‍: 04936 202277.
കെ.എസ്.ഇ.ബി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
കെ.എസ്.ഇ.ബി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ രണ്ട് വര്‍ഷത്തിനുമേല്‍ കുടിശ്ശികയുള്ള ഉപഭോക്താക്കളില്‍ നിന്നും 4 ശതമാനം മുതല്‍ 6 ശതമാനം വരെ മാത്രം സര്‍ചാര്‍ജ് ഈടാക്കി കുടിശ്ശിക നിവാരണ യജ്ഞം നടത്തും. ഡിസംബര്‍ 25 ന് പദ്ധതി അവസാനിക്കും. സര്‍ചാര്‍ജ് മൊത്തമായും ഗഡുക്കളായും അടക്കാനുള്ള സൗകര്യം ലഭിക്കും. ഉപഭോക്താക്കള്‍ക്ക് പരാമാവധി ആറു ഗഡുക്കള്‍ വരെയായി അടക്കാം. മുതലും സര്‍ചാര്‍ജും ഒന്നിച്ചടക്കുകയാണെങ്കില്‍ കുറവു ചെയ്ത സര്‍ചാര്‍ജ് തുകയ്ക്ക് മാത്രം 2 ശതമാനം ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും.
ഭട്ട് റോഡ് ബീച്ച് പാർക്ക് ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം നാളെ
ജില്ലയിലെ ഭട്ട് റോഡ് ബീച്ച് പാർക്കിൽ നിർമ്മാണം പൂർത്തികരിച്ച ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ (ആഗസ്റ്റ് 4 ) ഉച്ചക്ക് 12 മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിക്കും. ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും.
ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യ വികസനങ്ങളുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ‘വേൾഡ് ക്ലാസ്സ് ടോയ്ലറ്റ് ബ്ലോക്ക് ‘പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം.
മേയർ ഡോ. ബീന ഫിലിപ്പ്, എം.കെ. രാഘവൻ എംപി, ജില്ലാ കലക്ടർ എ ഗീത എന്നിവർ മുഖ്യാതിഥികളാവും. ടൂറിസം വകുപ്പ് ഡയറക്ടർ പി.ബി. നൂഹ് സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടർ ഷൈൻ കെ.എസ് നന്ദിയും പറയും.
ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ വിചാരണ നാളെ (05)
കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ സുനിത വിമല്‍ ആഗസ്റ്റ് 5,19 തീയതികളില്‍ പീരുമേട് ട്രിബ്യൂണല്‍ ഓഫീസില്‍ വിചാരണ നടത്തും. തൊഴില്‍ തര്‍ക്കകേസുകളും തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് കേസുകളും തൊഴിലാളി നഷ്ടപരിഹാര കേസുകളും പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04742792892.
അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍ ബി എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ വിവിധ കോഴ്‌സുകള്‍ക്ക് ഓൺലൈനായി (www.lbscentre.kerala.gov.in) അപേക്ഷ ക്ഷണിച്ചു. ബിരുദധാരികള്‍ക്കായി പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (പി. ജി. ഡി. സി. എ); പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കായി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (സോഫ്റ്റ് വെയര്‍) ഡി.സി.എ.(എസ്), എസ്. എസ്. എല്‍.സി യോഗ്യതയുള്ളവർക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍(ഡിസിഎ), ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് എന്നിവയാണ് കോഴ്‌സുകള്‍. കൂടുതൽ വിവരങ്ങള്‍ക്ക് : 0495 2720250, 9745208363, 9895488303.
ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നു
മലപ്പുറം വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികമായാണ് നിയമനം. യോഗ്യത : ഏഴാം ക്ലാസ് പാസായിരിക്കണം. അംഗീകൃത സ്ഥാപനങ്ങളിലെ പ്രവർത്തി പരിചയം ഉള്ളവർക്കും, അപേക്ഷ സമർപ്പിക്കുന്ന സ്ഥാപനത്തിന്റെ പരിധിയിൽ സ്ഥിരതാമസമുള്ളവർക്കും മുൻഗണന ലഭിക്കുന്നതാണ്. യോഗ്യരായ അപേക്ഷകർ, സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും, സ്വയം തയ്യാറാക്കിയ ബയോഡാറ്റയും സഹിതം ആഗസ്റ്റ് അഞ്ചിന് രാവിലെ 11.30ന് അഭിമുഖത്തിൽ ഹാജരാകേണ്ടതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0483 2944441
വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പാലക്കാട് ജില്ലയിലെ അയലൂര്‍ അപ്ലൈഡ് സയന്‍സ് കോളേജില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡാറ്റ എൻട്രി ടെക്നിക്സ് ആന്റ് ഓഫീസ് അഡ്മിനിട്രേഷൻ, പോസ്റ്റ് ഗ്രാജുയേറ്റ് ഡിപ്ലോമ ഇൻ കംമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ കംമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സർട്ടിഫിക്കേറ്റ് കോഴ്സ് ഇൻ ലെെബ്രറി ആന്റ് ഇൻഫോർമേഷൻ സയൻസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബയോ മെഡിക്കൽ എഞ്ചിനിയറിംഗ്, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലെ ചെയിൻ മാനേജ്മെന്റ്, പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിപ്ലോമ ഇൻ എംബഡഡ് സിസ്റ്റം ഡിസെെൻ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്പ്യൂട്ടർ നെറ്റ് വർക്ക് അഡ്മിനിസ്ട്രേഷൻ എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകൾ ആഗസ്റ്റ് 10-ന് മുമ്പ് സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.ihrd.ac.in, www.ihrdadmissions.org. ഫോൺ: 8547005029
അപേക്ഷകള്‍ ക്ഷണിച്ചു
കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ വിവിധ തസ്തികകളിലേക്ക് കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ www.arogyakeralam.gov.in സന്ദര്‍ശിക്കുക. യോഗ്യരായ ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 11ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
മസ്റ്ററിംഗ് നടത്തണം
കേരള മദ്രസാധ്യാപക ക്ഷേമനിധി ബോർഡിൽ നിന്നും 2022 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച ഗുണഭോക്താക്കൾ 2023 ആഗസ്റ്റ് 31നകം അക്ഷയ കേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നടത്തേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ മസ്റ്ററിംഗ് പൂർത്തീകരിക്കാത്തവർക്ക് തുടർന്ന് എല്ലാ മാസവും 1 മുതൽ 20 വരെ മസ്റ്ററിംഗ് നടത്താവുന്നതാണ്. എന്നാൽ മസ്റ്ററിംഗ് നടത്തുന്ന മാസം മുതൽക്കുള്ള പെൻഷൻ മാത്രമേ ലഭിക്കുകയുള്ളൂ. ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കിയവരും മസ്റ്ററിംഗ് ചെയ്യേണ്ടതാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2966577.
