Kerala News

സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഈ മാസം 25ന്, പ്രവേശന നടപടികള്‍ മറ്റന്നാള്‍ തുടങ്ങുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഈ മാസം 25ന് തുടങ്ങും. പ്രവേശന നടപടികള്‍ മറ്റന്നാള്‍ തുടങ്ങുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. വെളളിയാഴ്ച ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. ഒന്നാം അലോട്ട്‌മെന്റ് പ്രകാരമുളള പ്രവേശനം വെളളിയാഴ്ച രാവിലെ 11 മുതല്‍ തുടങ്ങും. പത്താം തീയതി വൈകിട്ട് അഞ്ചിന് അവസാനിക്കും.

സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റും വെളളിയാഴ്ച പ്രസിദ്ധീകരിക്കും. രണ്ടാം ഘട്ട അലോട്ട്‌മെന്റ് 15 ന് പ്രസിദ്ധീകരിച്ച് 16, 17 തീയതികളില്‍ പ്രവേശനം നടക്കും. മൂന്നാം ഘട്ട അലോട്ട്‌മെന്റ് 22 ന് പ്രസിദ്ധീകരിച്ച് 25 ന് പ്രവേശനം നടക്കും.

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കും. സ്‌കൂളിലെ ഉച്ച ഭക്ഷണ പദ്ധതിയ്ക്കായി 126 കോടി സര്‍ക്കാര്‍ അനുവദിച്ചു. കേന്ദ്രസര്‍ക്കാര്‍ 142 കോടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിട്ടുണ്ട്. 2022 – 23 അധ്യയന വര്‍ഷം അക്ഷരമാല പാഠപുസ്തകങ്ങളില്‍ ഉണ്ടാകും.

സ്‌കൂള്‍ യുവജനോത്സവം 2023 ജനുവരി 3 മുതല്‍ ഏഴ് വരെ കോഴിക്കോട് നടക്കും. ശാസ്‌ത്രോല്‍സവം നവംബറില്‍ എറണാകുളത്ത് നടക്കും. കായിക മേള നവംബറില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കും.

ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രിന്‍സിപ്പല്‍മാരാകും ഇനി മേധാവിയെന്നും ഹെഡ്മാസ്റ്റര്‍ പദവി ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ഹെഡ്മാസ്റ്റര്‍ മാര്‍ക്ക് പകരം വൈസ് പ്രിന്‍സിപ്പല്‍ പദവി ആയിരിക്കും ഉണ്ടാകുക. മലയാളം പാഠപുസ്തകത്തില്‍ അക്ഷരമാല ഉള്‍പ്പെടുത്തും, സ്‌കൂള്‍ ക്യാമ്പസിലും ക്ലാസ് മുറിയിലും വിദ്യാര്‍ഥികള്‍ മൊബൈല്‍ഫോണ്‍ ഒഴിവാക്കണമെന്ന് ശിവന്‍കുട്ടി പറഞ്ഞു. വിദ്യാര്‍ഥികളുടെ അമിതമായ ഫോണ്‍ ഉപയോഗം അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കില്ലെന്നും മന്ത്രി അറിയിച്ചു. പൊതു സ്വീകാര്യവും, കുട്ടികള്‍ക്ക് സൗകര്യവും ഉള്ളതാവണം യൂണിഫോം. സ്‌കൂളിലെ പിടിഎ അടക്കമുള്ള മുഴുവന്‍ പേര്‍ക്കും സ്വീകാര്യമാണെങ്കില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കാമെന്നും മന്ത്രി പറഞ്ഞു. സൗകര്യമുള്ള സ്‌കൂളുകള്‍ അപേക്ഷ നല്‍കിയാല്‍ മിക്സഡ് സ്‌കൂളുകളാക്കുമെന്നും ഇതും പിടിഎ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സമീപത്തെ സ്‌കൂളുകള്‍ അടക്കമുള്ളവരുടെ താത്പര്യം പരിഗണിച്ചായിരിക്കും നടപടിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്‌കൂള്‍ കുട്ടികളെ ക്ലാസ് സമയത്ത് മറ്റ് പരിപാടികള്‍ക്ക് കൊണ്ടുപോകരുതെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്‍.പി, യു.പി ക്ലാസുകളില്‍ 200-ഉം ഹൈസ്‌കൂളില്‍ 220 അധ്യയന ദിവസങ്ങളും ഉണ്ടാവണം. പഠന-പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ കുട്ടികളെ കാണികളാക്കി സ്‌കൂളിനകത്തോ പുറത്തോ ക്ലാസ് സമയങ്ങളില്‍ പൊതുപരിപാടികളോ മറ്റ് പരിപാടികളോ സംഘടിപ്പിക്കരുതെന്നും മന്ത്രി അറിയിച്ചു. ഇത് കുട്ടികളുടെ അധ്യയനസമയം നഷ്ടമാക്കുമെന്നും മന്ത്രി ചൂണ്ടികാട്ടി

മൊബൈല്‍ ഫോണ്‍ നിരോധനവുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ വിദ്യാഭ്യാസ വകുപ്പ് നേരത്തേ പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ കോവിഡ് കാലത്ത് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാതായപ്പോള്‍ ഓണ്‍ലൈന്‍പഠനത്തിനായി മൊബൈല്‍ ഫോണുകളാണ് വിദ്യാര്‍ഥികള്‍ ആശ്രയിച്ചത്. അധ്യാപകരുമായും വിദ്യാര്‍ഥികളുമായുള്ള ആശയവിനിമയത്തിനും ക്ലാസുകള്‍ക്കും അത് അത്യാവശ്യവുമായിരുന്നു. വിദ്യാര്‍ഥികള്‍ക്കിടയില്‍ മൊബൈല്‍ ഉപയോഗം വ്യാപകമായത് പഠനത്തിനപ്പുറം നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കും, സ്വഭാവ വൈകല്യങ്ങള്‍ക്കും വഴിവെച്ചതായി മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാമൂഹ്യജീവിതത്തിലെ അനാരോഗ്യകരമായ പ്രവണതകള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വളരുന്നതില്‍ മൊബൈല്‍ഫോണിന്റെ പങ്കും മന്ത്രി ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എ.ഇ.മാരടക്കമുള്ളവരുടെ മേഖലാ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. ഓഗസ്റ്റ് നാലിന് തിരുവനന്തപുരത്തും ഒന്‍പതിന് തൃശൂരുമാണ് യോഗം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!