കേരളത്തില്‍ കോവിഡ് വ്യാപനം തുടരുന്നതിന് കാരണം ബക്രീദ് സമയത്ത് അനുവദിച്ച ഇളവുകളല്ലെന്ന് കേന്ദ്ര സംഘത്തിന്റെ പ്രാഥമിക നിഗമനം. ഹോം ഐസൊലേഷന്‍ നടപ്പാക്കിയതില്‍ വന്ന വീഴ്ചയാണ് രോഗപകര്‍ച്ചയ്ക്ക് കാരണമായതെന്നാണ് ആറംഗ സംഘത്തിന്റെ വിലയിരുത്തല്‍. ഇതുസംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് സംഘം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കൈമാറിയതായാണ് റിപ്പോര്‍ട്ട്.
കേരളത്തില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതിരുന്നവര്‍ക്ക് വീടുകളിലാണ് കോവിഡ് ചികിത്സ നല്‍കിയിരുന്നത്. കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചായിരുന്നു ഹോം ഐസൊലേഷന്‍ നടപ്പാക്കിയത്. എന്നാല്‍, ഇത്തരം രോഗികളിലെ ഗാര്‍ഹിക നിരീക്ഷണത്തില്‍ പാളിച്ച സംഭവിച്ചതായാണ് വിലയിരുത്തല്‍. സാമുഹിക അകലം, മാസ്‌ക് ഉള്‍പ്പെടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെടാതെ വന്നതോടെ വീടുകളിലുള്ള മറ്റുള്ളവര്‍ക്കും രോഗം പകര്‍ന്നു. ഇത് രോഗികളുടെ എണ്ണം ഉയരാന്‍ കാരണമായെന്നാണ് വിലയിരുത്തുന്നത്.
കേരളത്തില്‍ രോഗവ്യാപനം നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തിലാണ് ആറംഗ സംഘം സന്ദര്‍ശനത്തിനെത്തിയത്. വിവിധ ജില്ലകളില്‍ സംഘം സന്ദര്‍ശനം നടത്തി. ആരോഗ്യ വകുപ്പില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും തേടിയ സംഘം ഇന്നലെയാണ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയത്.