ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലെ സ്പിരിറ്റ് തിരിമറിയില്‍ എക്സൈസ് ഉദ്യോഗസ്ഥരും പ്രതികളായേക്കും. സംഭവത്തില്‍ ഉദ്യോഗസ്ഥ സംഘത്തിന് വീഴ്ച പറ്റിയട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ജനറല്‍ മാനേജരടക്കം മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡു ചെയ്തു.
ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സില്‍ സ്പിരിറ്റെത്തിയാല്‍ എക്‌സൈസിന്റെ സാന്നിധ്യത്തിലാണ് ടാങ്കര്‍ പരിശോധിച്ച് ഡിസ്റ്റിലറിയിലേക്ക് മാറ്റുന്നത്. ടാങ്കറിന്റെ മുകളില്‍ കയറിയാല്‍ പ്രത്യക്ഷത്തില്‍ തന്നെ ഇ ലോക്കിലേക്കുള്ള പൈപ്പ് മുറിച്ചത് കാണാം. ഈ സാഹചര്യത്തിലാണ് എക്‌സൈസും വീഴ്ച വരുത്തിയിട്ടുണ്ടെന്നുള്ള കണ്ടെത്തലിലെത്തിയത്.
ഇതിനിടെ പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന് പിന്നാലെ എക്സൈസ് എന്‍ഫോഴ്സ്മെന്റ് സംഘവും വിശദമായ റിപ്പോര്‍ട്ട് നല്‍കിയതോടെ 3 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ജനറല്‍ മാനേജര്‍ അലക്‌സ് പി.എബ്രഹാം, പേഴ്‌സണല്‍ മാനേജര്‍ യു. ഷാഹിം, പ്രൊഡക്ഷന്‍ മാനേജര്‍ മേഘാ മുരളി എന്നിവര്‍ക്കെതിരെ ആണ് നടപടി എടുത്തത്. നിലവില്‍ ഈ ജീവനക്കാര്‍ ഒളിവിലാണ്. അതേസമയം, സ്ഥാപനത്തില്‍ നിര്‍ത്തിവച്ച മദ്യ ഉല്‍പ്പാദനം തിങ്കളാഴ്ചയോടെ പുനരാരംഭിക്കും.

