പാലക്കാട്: അട്ടപ്പാടിയില്‍ യുവാവിനെ കെട്ടിയിട്ട് അര്‍ധ നഗ്‌നനാക്കി മര്‍ദ്ദിച്ച കേസില്‍ പ്രതികള്‍ക്ക് ജാമ്യം. പ്രതികളായ റെജിന്‍ മാത്യു, വിഷ്ണു എന്നിവര്‍ക്കാണ് ഉപാധികളോടെ ജാമ്യം നല്‍കിയത്. പ്രതികള്‍ അന്യായക്കാരനായ സിജുവുമായോ സാക്ഷികളുമായോ ഒരു തരത്തിലും ബന്ധപ്പെടാനോ ഭീഷണിപ്പെടുത്താനോ പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു. മണ്ണാര്‍ക്കാട് എസ് സി/എസ് ടി കോടതിയാണ് ജാമ്യം നല്‍കിയത്.
മെയ് 24-നായിരുന്നു പ്രതികളായ ഷോളയൂര്‍ സ്വദേശി റെജിന്‍ മാത്യുവും ആലപ്പുഴ സ്വദേശി വിഷ്ണുദാസും ചേര്‍ന്ന് ചിറ്റൂര്‍ ആദിവാസി ഉന്നതിയിലെ സിജു വേണുവിനെ കെട്ടിയിട്ട് അതിക്രൂരമായി മര്‍ദ്ദിച്ചത്. വാഹനത്തിന് മാര്‍ഗതടസ്സം ഉണ്ടാക്കി എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ആക്രമണം ചെറുത്തതോടെ യുവാക്കള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചെന്നായിരുന്നു സിജുവിന്റെ പരാതി. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ സിജുവിനെ നാട്ടുകാരാണ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ സിജു ഇപ്പോഴും കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

