പെരിയാർ മത്സ്യക്കുരുതിയിൽ തുടർനടപടികൾ വൈകും. കുഫോസിന്‍റെ രാസപരിശോധനാഫലം അടുത്തയാഴ്ചയോടെയായിരിക്കും പുറത്തുവരുക. രാസപരിശോധനാ ഫലം വൈകുന്നതിനാലാണ് തുടര്‍നടപടികളും നീളുന്നത്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വേണം ഏത് കമ്പനിയാണ് മാലിന്യം ഒഴുക്കിയതെന്ന് കണ്ടെത്താൻ. അതേസമയം, ഉത്തരവാദികൾക്ക് എതിരെ നടപടി ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചുമത്സ്യക്കുരുതിയൽ വലിയ നഷ്ടമുണ്ടായ ഉൾനാടൻ മത്സ്യമേഖലക്കുള്ള നഷ്ടപരിഹാരം ദുരിതത്തിന് കാരണക്കാരായ കമ്പനികളിൽ നിന്ന് ഈടാക്കി നൽകണമെന്നാണ് ഫിഷറീസ് വകുപ്പിന്‍റെ നിർദേശം. ഇത് നടപ്പാക്കണമെങ്കിൽ ആദ്യം ഏത് കമ്പനിയാണ് ഉത്തരവാദിയെന്ന് കണ്ടെത്തണം. അതിന് രാസപരിശോധനാഫലം വരണം. ഇതിനുശേഷം തുടർ പരിശോധനകളും വേണം. കുഫോസ് വിദഗ്ധസംഘത്തിന്‍റെ രാസപരിശോധനാഫലം അറിയാൻ ഒരാഴ്ച കൂടി കഴിയും.എടയാർ മേഖലയിൽ 332 യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. അതിനാല്‍ തന്നെ തുടർപരിശോധനകൾക്കും സമയമെടുക്കും. ഉത്തരവാദികളായ കമ്പനികൾക്ക് എതിരെ കർശന നടപടി വേണമെന്നും സീറോ ഡിസ്ചാർജ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് പെരിയാർ മലിനീകരണ വിരുദ്ധസംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചു.മത്സ്യക്കുരുതിയുടെ യഥാർത്ഥ കാരണം കണ്ടെത്താനും ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നിർദേശങ്ങൾ നൽകാനും ഉന്നത വിദഗ്ധസമിതിയുടെ സ്വതന്ത്ര അന്വേഷണം വേണമെന്നാണ് കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിശദമായ പഠനറിപ്പോർട്ട് കൂടി ഉൾപ്പെടുത്തിയാകും കളക്ടർ സർക്കാരിന് അന്തിമറിപ്പോർട്ട് സമർപ്പിക്കുക.