ജനം ഉറ്റു നോക്കിയ തൃക്കാക്കര തിരഞ്ഞെടുപ്പ് വിധിയില്‍ ഉമ തോമസിന് കൂറ്റന്‍ വിജയം. 25015 വോട്ടുകളുടെ ലീഡിലാണ് ഉമാ തോമസിന്റെ വിജയം കുറിച്ചത്. സെഞ്ച്വറി തികയ്ക്കാമെന്ന എല്‍ഡിഎഫിന്റെ പ്രതീക്ഷകളാണ് അസ്തമിച്ചത്.
വോട്ടെണ്ണി തീര്‍ന്നപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന് 72767 വോട്ടുകളും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് 47752 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് 12955 വോട്ടുകളും നേടി.
ആദ്യ റൗണ്ട് മുതല്‍ത്തന്നെ പി.ടി തോമസ് കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ ലീഡ് ഉമാ തോമസിന് ലഭിച്ചിരുന്നു. വോട്ടെണ്ണലിന്റെ എല്ലാ ഘട്ടങ്ങളിലും യുഡിഎഫിന്റെ തേരോട്ടമാണ് കാണാന്‍ കഴിഞ്ഞത്. ഒരു ഘട്ടത്തില്‍ പോലും ഒപ്പമെത്താനോ വെല്ലുവിളി ഉയര്‍ത്താന്‍ പോലുമോ കഴിയാതെ എല്‍ഡിഎഫ് പിന്നിലാകുകയും ചെയ്തു. ബി ജെ പിക്കും പ്രതീക്ഷിച്ചത്ര വോട്ടുകള്‍ നേടാനായില്ല.
മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഇതുവരെയുള്ള ഏറ്റവും വലിയ ഭൂരിപക്ഷവും ഉമ മറികടന്നു. 2011ല്‍ ബെന്നി ബഹനാന്‍ നേടിയ 22,406 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉമ മറികടന്നത്.
തൃക്കാക്കര മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമായിരുന്നു ഇത്തവണത്തേത് -68.77 ശതമാനം. അതുകൊണ്ടു തന്നെ വോട്ടെണ്ണി തുടങ്ങുന്നതു വരെ യുഡിഎഫ് കേന്ദ്രങ്ങളില്‍ നേരിയ ആശങ്കയും പ്രകടമായിരുന്നു. എങ്കിലും ഭൂരിപക്ഷം കുറഞ്ഞാലും വിജയിക്കുമെന്ന ആത്മവിശ്വാസം പ്രതിപക്ഷ നേതാവടക്കം പങ്കുവച്ചു. കഴിഞ്ഞ തവണ കൊച്ചി കോര്‍പറേഷന്‍ മേഖലയിലായിരുന്നു പി.ടി. തോമസിന് മികച്ച ലീഡ് ലഭിച്ചതെങ്കില്‍ ഇത്തവണ അവിടെ പോളിങ് കുറഞ്ഞത് യു.ഡി.എഫിന് തിരിച്ചടിയായേക്കുമെന്ന് കരുതിയിരുന്നെങ്കിലും ഉമ തോമസ് ഇവിടെ നടത്തിയത് മികച്ച മുന്നേറ്റമാണ്.
ആദ്യ ഫലസൂചനകള്‍ വന്നതോടെ യു ഡി എഫ് കേന്ദ്രങ്ങള്‍ ആഹ്‌ളാദം തുടങ്ങിയിരുന്നു.