കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയിൽ എത്തിച്ചു. ഭീകര വിരുദ്ധ സ്ക്വാഡ് ചോദ്യം ചെയ്യുന്നു .
നാളെയോ മറ്റന്നാളോ രവി പൂജാരിയെ പനമ്പിള്ളി നാഗറിലെ ബ്യൂട്ടി പാര്‍ലറില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. രവി പൂജാരിയെ കൂടാതെ ബ്യൂട്ടി പാര്‍ലറിന് നേരെ വെടിയുതിര്‍ത്ത വിപിന്‍, ബിലാല്‍ എന്നിവരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. കേസില്‍ രവി പൂജാരിയെ മുഖ്യപ്രതിയാക്കി കുറ്റപാത്രവും സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം കേസിലെ മറ്റു രണ്ടു പ്രതികളായ അജാസ്, മോനായി എന്നിവരെ ഇതുവരെ പിടികൂടാനായിട്ടില്ല.
ഇന്നലെ രാത്രി 9മണിയോടെ ബെംഗളൂരു – കൊച്ചി വിമാനത്തിലാണ് രവി പൂജാരിയെ കൊണ്ടുവന്നത്. തുടർന്ന് നെടുമ്പാശ്ശേരി പൊലിസ് സ്റ്റേഷനിലെ ലോക്കപ്പിലേക്ക് മാറ്റി. കൊച്ചി ക്രൈംബ്രാഞ്ചാണ് ഇന്നലെ വൈകുന്നേരം ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തി പൂജാരിയെ കസ്റ്റഡിയിലെടുത്തത്.
2018 ഡിസംബര്‍ 15ന് നടി ലീന മരിയ പോളിന്റെ കൊച്ചി പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാര്‍ലറില്‍ വെടിവെപ്പ് നടത്തിയ കേസിൽ മൂന്നാം പ്രതിയാണ് പൂജാരി. കഴിഞ്ഞ മാര്‍ച്ചില്‍ ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ ക്രൈംബ്രാഞ്ച് ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല. മുംബൈ പൊലീസ് ഇയാളെ നേരത്തേ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.ജൂണ്‍ എട്ട് വരെയാണ് കൊച്ചി ക്രൈംബ്രാഞ്ചിന് കോടതി അനുവദിച്ചിരിക്കുന്ന കസ്റ്റഡി കാലാവധി.

