ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാനായേക്കുമെന്ന വാർത്ത തള്ളി കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ.മാണി. അതിനൊരു സാധ്യതയുമില്ല. അങ്ങനെ ഒരു ചര്‍ച്ചയുമില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.
ജനപിന്തുണയുള്ള സ്വാധീനമുള്ള നേതാക്കള്‍ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫിലേക്ക് വരും. അവരുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. പാര്‍ട്ടിയുടെ അതാത് ജില്ലാ കമ്മിറ്റികള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു.
പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം നിരവധി നേതാക്കള്‍ പാര്‍ട്ടിയിലേക്ക് വരാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. യുഡിഎഫില്‍ നിന്ന് പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ നിന്ന് പാര്‍ട്ടിയില്‍ നിന്ന് നിരവധി പേര് എത്തും. ഈ മാസം 14-ന് പാര്‍ട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി ചേരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജോസ് കെ മാണിയെ മുൻനിർത്തി കോട്ടയത്തടക്കമുള്ള നേതാക്കളെ എൽഡിഎഫിലെത്തിക്കാൻ സിപിഎം ശ്രമം നടത്തുന്നുവെന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. ജോസഫ് വിഭാഗത്തിൽ നിന്നും കോൺഗ്രസിൽ നിന്നും നേതാക്കളെയും അണികളെയും കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലേക്ക് എത്തിക്കാനാണ് നീക്കം. ഇതിനിടെയാണ് ജോസ് ഇക്കാര്യം വ്യക്തമാക്കിയത്.

