ആഗോള തലത്തില്‍ മുസ്ലീം വിശ്വാസികള്‍ വലിയ തോതില്‍ ആക്രമണങ്ങള്‍ക്കിരയാവുന്നവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. വൈറ്റ് ഹൗസില്‍ നടന്ന ഈദുല്‍ ഫിത്വര്‍ ആഘോഷ ചടങ്ങിനെയാണ് ജോ ബൈഡന്റെ പ്രതികരണം.
‘ഇന്ന്, ഈദുല്‍ ഫിത്വര്‍ ആഘോഷിക്കാന്‍ കഴിയാത്ത എല്ലാവരെയും ഓര്‍ക്കുന്നു, ഉയിഗറുകള്‍, റോഹിങ്ക്യകള്‍, പട്ടിണി, അക്രമം, സംഘര്‍ഷം, രോഗങ്ങള്‍ എന്നിവ നേരിടുന്ന എല്ലാവരെയും’ ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
യുഎസിനെ ശക്തിപ്പെടുത്തുന്നതില്‍ മുസ്ലീം വിഭാഗങ്ങള്‍ വലിയ പങ്കുവഹിക്കുന്നവരാണ്. എന്നാല്‍ ആഗോള തലത്തിലെ സാഹചര്യങ്ങളില്‍ ഈ വിഭാഗം വലിയ തോതില്‍ വിവേചനങ്ങളും അതിക്രമങ്ങളും നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ആരേയും മത വിശ്വാസങ്ങളുടെ പേരില്‍ അടിച്ചമര്‍ത്തുന്ന നിലയുണ്ടാവരുത്, അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന്റെ അംബാസഡറായി ഒരു മുസ്ലീം വിശ്വാസിയെ താന്‍ ആദ്യമായി നിയോഗിച്ചുവെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി.
‘ആറു വര്‍ഷത്തിനിടെ ആദ്യമായി യെമനിലെ ജനങ്ങള്‍ ഈദ് ആഘോഷിക്കുകയാണ്. യെമനിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഉള്‍പ്പെടെ നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്ന സമാധാനമുള്ള ലോകത്തേക്കുള്ള പ്രതീക്ഷയുടെയും പുരോഗതിയുടെയും അടയാളങ്ങളാണ്. എന്നാല്‍ ഇതിനൊപ്പം ആഗോള തലത്തില്‍ വലിയ ഭീഷണികള്‍ ഈ വിഭാഗം നേരിടുന്നുണ്ട്. അവരെ ലക്ഷ്യം വച്ചുള്ള ആക്രമണമങ്ങളും ഇസ്ലാമോഫോബിയയും വര്‍ധിക്കുകയും ചെയ്യുന്നുണ്ട്’ എന്നും ബൈഡന്‍ കൂട്ടിചേര്‍ത്തു.

