പഴയന്നൂരില്‍ ജ്വല്ലറി അടച്ചുകൊണ്ടിരിക്കെ അതിക്രമിച്ചുകയറി കവര്‍ച്ച. ഓരോ പവൻ വീതമുള്ള രണ്ട് ആഭരണമാണ് മോഷ്ടാവ് ജീവനക്കാരെയെല്ലാം വെട്ടിച്ച് കൈക്കലാക്കിയത്. ഹെല്‍മറ്റ് ധരിച്ചായിരുന്നു കവര്‍ച്ച. ശേഷം പുറത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ കയറി രക്ഷപ്പെടുകയും ചെയ്തു.ഇന്നലെ രാത്രിയാണ് അസാധാരണമായ സംഭവം നടക്കുന്നത്. ജീവനക്കാര്‍ ജ്വല്ലറി അടയ്ക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഈ തിരക്കിനിടയില്‍ മോഷ്ടാക്കള്‍ അതിവേഗം ജ്വല്ലറിക്കുള്ളിലേക്ക് ഇരച്ചുവരികയും നിമിഷനേരം കൊണ്ട് കവര്‍ച്ച നടത്തി അതേ വേഗതയില്‍ ഇറങ്ങി ബൈക്കില്‍ കയറി സ്ഥലം വിടുകയുമായിരുന്നു. ജീവനക്കാര്‍ ബഹളം വച്ച് ഇവരുടെ പിറകെ ഓടിയെങ്കിലും ഇവരെ പിടികൂടാനായില്ല. രണ്ട് പേരാണ് കവര്‍ച്ച നടത്തിയതെന്നാണ് സൂചന. ഹെല്‍മെറ്റ് വച്ച മോഷ്ടാവിന്‍റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പഴയന്നൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.