തൃശൂര്‍: വെളപ്പായയില്‍ ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇ കെ വിനോദിനെ പ്രതി പുറത്തേയ്ക്ക് തള്ളിയിട്ടത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് എഫ്ഐആര്‍. കേസില്‍ പ്രതി ഭിന്നശേഷിക്കാരനായ ഒഡീഷ സ്വദേശി രജനീകാന്ത റാണയ്ക്കെതിരെ ഐപിസി 302 അടക്കമുള്ള വകുപ്പുകള്‍ ചുമത്തി. മുളങ്കുന്നത് കാവ് സ്റ്റേഷന്‍ പിന്നിട്ടപ്പോഴാണ് പ്രതിയോട് ടിടിഇ കെ വിനോദ് ടിക്കറ്റ് ചോദിച്ചത്. ഇതില്‍ കുപിതനായ പ്രതി ടിടിഇയെ ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. എസ് 11 കോച്ചിലെ വാതിലിന് സമീപം നിന്നിരുന്ന ടിടിഇയെ പ്രതി പിന്നില്‍ നിന്ന് രണ്ടു കൈകള്‍ കൊണ്ടു തള്ളിയിട്ടെന്നും എഫ്ഐആറില്‍ പറയുന്നു. കേസില്‍ രജനീകാന്ത റാണയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്.
ടിടിഇയെ പ്രതി അസഭ്യം പറഞ്ഞെന്നും പൊലീസിനെ വിളിച്ചതിന് പിന്നാലെയാണ് തള്ളി താഴെയിട്ടതെന്നും സംഭവസമയത്ത് ട്രെയിനില്‍ ഉണ്ടായിരുന്ന മറ്റൊരു യാത്രക്കാരനായ പശ്ചിമ ബംഗാള്‍ സ്വദേശി വെളിപ്പെടുത്തി.