ബെംഗളൂരു: മാനന്തവാടിയില്‍ നിന്നും മയക്കുവെടി വെച്ച് പിടികൂടി കര്‍ണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച തണ്ണീര്‍ കൊമ്പന്‍ എന്ന കാട്ടാനയുടെ മരണകാരണത്തില്‍ അവ്യക്തത തുടരുകയാണ്. എന്താണ് മരണകാരണം എന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലൂടെയെ വ്യക്തമാകുകയുള്ളുവെങ്കിലും 20 ദിവസത്തിനിടെ രണ്ടു തവണ മയക്കുവെടി ഏറ്റത് ഉള്‍പ്പെടെ ആനയെ ബാധിച്ചിരിക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍, ദൗത്യത്തിനിടെ ആന പൂര്‍ണ ആരോഗ്യവാനായിരുന്നുവെന്നും ബാഹ്യമായ മറ്റു പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് വനംവകുപ്പ് അധികൃതര്‍ അറിയിക്കുന്നത്.
നിര്‍ജലീകരണം ആനയുടെ സ്ഥിതി മോശമാകാന്‍ കാരണമായിട്ടുണ്ടാകാം എന്നും വെറ്ററിനറി മേഖലയിലുള്ളവര്‍ അഭിപ്രായപ്പെടുന്നുണ്ട്. മാനന്തവാടിയിലെത്തിയ ആന ഇന്നലെ രാവിലെയാണ് പുഴയില്‍ ഇറങ്ങിയത്. അതിനുശേഷം ആന ജലസ്രോതസ്സുകള്‍ ഇല്ലാത്ത സ്ഥലത്താണ് അന തുടര്‍ന്നത്.15 മണിക്കൂറോളമാണ് മതിയായ വെള്ളം കിട്ടാതെ ആന നിന്നത്. മയക്കുവെടി കൊണ്ടാല്‍ കൂടുതല്‍ നിര്‍ജലീകരണം സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഇലക്ട്രൊലൈറ്റ് അളവ് കുറയാമെന്നും ഇത് ഹൃദയാഘാതം ഉണ്ടാക്കാമെന്നും തുടര്‍ച്ചയായി മണ്ണ് വാരി എറിഞ്ഞത് സൂചനയാണെന്നും വന്യജീവി വിദഗ്ധര്‍ പറയുന്നു. എന്തായാലും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനുശേഷമായിരിക്കും മരണകാരണത്തില്‍ സ്ഥിരീകരണമുണ്ടാകുക. രാമപുര ക്യാമ്പില്‍ എലിഫന്റ് ആംബുലന്‍സ് നിര്‍ത്തിയപ്പോള്‍ തന്നെ തണ്ണീര്‍ കൊമ്പന്‍ കുഴഞ്ഞ് വീണു.