സംസ്ഥാന ബജറ്റിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. കൊള്ളക്കാരനെ പോലെ ജനങ്ങളുടെ പോക്കറ്റടിക്കുകയാണ് ധനമന്ത്രി ചെയ്തതെന്ന് ചെങ്ങന്നൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. പിടിച്ചുപറിക്കാരനെ പോലെയാണ് ധനമന്ത്രി പെരുമാറുന്നത്.നികുതി പിടിച്ചുമേടിക്കുന്ന ബജറ്റ് സാധാരണക്കാർക്ക് ഇരുട്ടടിയാണെന്ന് പറഞ്ഞ സുരേന്ദ്രന്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെ ‘നികുതിഗോപാല്‍’ എന്ന് പരിഹസിക്കുകയും ചെയ്തു.
യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രം കേരളത്തിന് നല്‍കിയതിനേക്കാള്‍ നാലിരട്ടിയാണ് എന്‍.ഡി.എ. സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയത്. എന്നാല്‍ ധനമന്ത്രി പച്ചക്കള്ളം പറയുകയാണ്. കണക്കുകള്‍ പുറത്തുവിടാന്‍ സംസ്ഥാന സര്‍ക്കാരിനെ ബി.ജെ.പി. വെല്ലുവിളിക്കുന്നു. എല്ലാ നിത്യോപയോഗ സാധനങ്ങള്‍ക്കും വില കൂടിയ ബജറ്റാണിത്. അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പണം നീക്കിവെക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. അടിസ്ഥാന വികസനമേഖലയ്ക്ക് ഏറ്റവും കുറവ് തുക വിലയിരുത്തിയ ബജറ്റാണ് ഇത്. പാവപ്പെട്ട ജനങ്ങള്‍ക്ക് മേല്‍ നികുതിഭാരം അടിച്ചേല്‍പ്പിച്ച് ധൂര്‍ത്തും അഴിമതിയും തുടരുമെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്.സംസ്ഥാനത്ത് മദ്യത്തിന് വില കൂടുന്നത് ജനങ്ങളെ കൂടുതലായി മയക്കുമരുന്നിലേക്ക് തിരിയാൻ ഇടയാക്കുമെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഇന്ധനവില വർധന പൊതു വിപണിയിൽ വിലക്കയറ്റത്തിന് ഇടയാക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.