വിഎസ് അച്ചുതാനന്ദന്റെ അഭാവത്തില്‍ മലമ്പുഴയില്‍ ആര് മത്സരിക്കുമെന്ന ചര്‍ച്ച സജീവം. ആരോഗ്യസംബന്ധമായ കാരണങ്ങളാല്‍ വിഎസ് അച്ചുതാനന്ദന്‍ മത്സരരംഗത്തുനിന്നും മാറി നില്‍ക്കുകയാണ്. വിഎസ് മത്സരിക്കാത്തതിനാല്‍ പകരം മണ്ഡലത്തില്‍ ആര് മത്സരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
എല്ലാ കാലത്തും കൂടെനിന്ന മണ്ഡലം കൈവിട്ടുപോകാതിരിക്കാനാണ് സിപിഎം ആലോചിക്കുന്നത്. അതിനായി ചര്‍ച്ചകളും സജീവമാണ്. എന്നാല്‍ ഔദ്യോഗികമായി ചര്‍ച്ചകളൊന്നും നടന്നിട്ടുമില്ല. ശക്തരായ സ്ഥാനാര്‍ഥികളെ തന്നെ മലമ്പുഴയില്‍ ഇറക്കാനാണ് ആലോചന. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, എം ബി രാജേഷ്, എഎന്‍ കൃഷ്ണദാസ് എന്നിവരുടെ പേരുകള്‍ മണ്ഡലത്തിലേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നതാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മണ്ഡലം കൈവിട്ട് പോകാതിരിക്കാന്‍ ജനകീയനായ വ്യക്തികളാണ് പരിഗണനയിലുള്ളത്. മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം മണ്ഡലത്തിലേക്ക് പ്രാദേശികള്‍ നേതാക്കളെയും സിപിഎം പരിഗണിക്കുന്നുണ്ട്. ജില്ല കമ്മിറ്റിയംഗമായ പി എ ഗോകുല്‍ദാസ്, പുതുശേരി ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ്, സിഐടി യു നേതാവ് പ്രഭാകരന്‍ എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ടെന്നാണ് റിപ്പോട്ടുകള്‍. പ്രഭാകരന്‍ ഒഴികെയുള്ള രണ്ട് പേര്‍ക്കും തെരഞ്ഞെടുപ്പിന്റെ ചുമതലകള്‍ ഉള്ളതിനാല്‍ മത്സരരംഗത്ത് നിന്നും മാറി നില്‍ക്കാനാണ് സാധ്യത.
അതേസമയം, മണ്ഡലത്തിലേക്ക് കണ്ണുംനട്ട് ബിജെപിയും രംഗത്തുണ്ട്. 2016-ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറാണ് മലമ്പുഴയില്‍ രണ്ടാമതെത്തിയത്. 27,000 ത്തോളം വോട്ടുകളായിരുന്നു വിഎസിന്റെ ഭൂരിപക്ഷം. കൂടാതെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടുവിഹിതം വര്‍ധിച്ചത് ബിജെപിക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. മലമ്പുഴ, പാലക്കാട് മണ്ഡലങ്ങളില്‍ വോട്ടു ശതമാനത്തില്‍ വലിയ വര്‍ധനയുമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ സാഹചര്യം പ്രതിഫലിക്കുമെന്ന വിശ്വാസമാണ് ബിജെപിക്കുള്ളത്.