തിരുവനന്തപുരം: കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ശുചീകരണ തൊഴിലാളികളെ അധിക്ഷേപിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ ചെയർമാനും സംവിധായകനുമായ അടൂർ ഗോപാലകൃഷ്ണൻ. ഡബ്ല്യുസിസി അംഗങ്ങളെ പോലെ ഉടുത്തൊരുങ്ങി വന്നാണ് അഭിമുഖങ്ങൾ നടത്തുന്നതെന്നും ഇപ്പോൾ വലിയ താരങ്ങളായെന്നും അടൂർ പറഞ്ഞു.
‘നാലഞ്ച് പെണ്ണുങ്ങളുണ്ടവിടെ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്നത്. അവർ കാമറയുടെ മുൻപിൽ വന്ന് പറയുന്നത് ഞങ്ങളെല്ലാം വിധവമാരാണെന്നാണ്. രണ്ട് പേർക്കേ ഭർത്താക്കൻമാർ മരിച്ചിട്ടുള്ളൂ. ബാക്കി നാല് പേർക്ക് ഭർത്താക്കൻമാർ ഉണ്ട്. പച്ചക്കള്ളമാണ് അവർ പറയുന്നത്. പഠിപ്പിച്ച് വിട്ടിരിക്കുകയാണ്.അവരിപ്പോ സ്റ്റാഴ്സ് ആണ്. നന്നായി ഉടുത്തൊരുങ്ങി വന്നു മാധ്യമങ്ങളെ കാണുന്നത്’
‘ഡബ്ല്യുസിസിയില്ലേ അതിലുളളവരേപ്പോലെ ഉടുത്തൊരുങ്ങിയാ വരുന്നത്. അങ്ങനെയാണ് അവരെ കണ്ടാൽ തോന്നുക. അവരിപ്പോ നിരന്തരം അഭിമുഖം കൊടുക്കുകയാണ്. അവരെ പഠിപ്പിച്ച് കഴിഞ്ഞു. അവർ സ്റ്റാർസ് ആയി. നേരത്തേ അവർക്ക് ഇതൊന്നും അറിഞ്ഞ് കൂടായിരുന്നു. ഇപ്പോൾ അവർക്ക് പരിശീലനം കൊടുത്ത് കഴിഞ്ഞു. ശങ്കർ മോഹനെ സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ക്ഷണിച്ച് കൊണ്ടുവന്നതാണ്. സർക്കാർ അദ്ദേഹത്തിന് താമസിക്കാനുള്ള വീടും മറ്റ് സൗകര്യങ്ങളും കൊടുക്കും എന്ന കണ്ടീഷനിലാണ് അദ്ദേഹത്തെ കൊണ്ടുവന്നത്.’
‘അവിടെ കെട്ടിടം കിട്ടാൻ വിഷമമാണ്. റബ്ബർ തോട്ടത്തിന് ഉള്ളിലോട്ടൊരു കെട്ടിടത്തിലാണ് കഴിയുന്നത്. ആ വീട് ദിവസവും പോയി ക്ലീൻ ചെയ്യേണ്ടതാണ് അവരുടെ ജോലി. തൂപ്പുകാര് സർക്കാർ ശമ്പളം വാങ്ങിക്കുന്നവരാണ്. പക്ഷേ അങ്ങനെ ചെയ്യിക്കുന്നില്ല. ആഴ്ചയിൽ ഒരു ദിവസം ഒരാൾ മുറ്റവും തിണ്ണയും തൂത്ത് കൊടുക്കണം. അര മുക്കാൽ മണിക്കൂർ എടുക്കില്ല. ഇതിനെ കുറിച്ചൊക്കെ കുറേ ആരോപണങ്ങൾ ഞാൻ കേട്ടു. കക്കൂസിൽ കയ്യിട്ട് വാരണമെന്നൊക്കെ. ഇതിനേക്കാൾ ആഭാസകരമായിട്ട് ഒന്നും പറയാനില്ല’.
‘ഞാൻ ഇതിനെ കുറിച്ച് അന്വേഷിച്ചിരുന്നു. ജീവനക്കാരെ കൊണ്ട് അവർ ഒരിക്കൽ പോലും ബാത്ത്റൂം കഴുകിച്ചിട്ടില്ല. റബ്ബർ ഇല വീഴുന്നത് അടിച്ച് വാരുക മാത്രമാണ് വേണ്ടത്. എന്നിട്ട് അവർ പറയുന്നത് രാത്രിയിലൊക്കെ ജോലിയാണെന്നാണ്. എന്ത് ജോലിയാണ് അവർ ചെയ്യുന്നത്?’ അടൂർ പറഞ്ഞു.
കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിലെ വിദ്യാർഥികളും ഓഫീസ് ജീവനക്കാരും ശുചീകരണ തൊഴിലാളികളും ഡയറക്ടർ ശങ്കർ മോഹന് എതിരായി ആരോപണം ഉന്നയിച്ചതു മുതൽ ഡയറക്ടർക്ക് അനുകൂലമായിരുന്നു അടൂരിന്റെ നിലപാട്.