അൽ നസർ ക്ലബുമായി കരാറിലേർപ്പെട്ട പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും കുടുംബവും സൗദിയിലെത്തി. രാത്രി 11 മണിയോടെ റിയാദ് എയർ പോർട്ടിലെത്തിയ റൊണാൾഡോയ്ക്ക് മർസൂൽ പാർക്കിൽ വൻസ്വീകരണമാണ് സൗദി സ്‌പോർട്‌സ്, അൽ നസർ ക്ലബ് അധികൃതർ ഒരുക്കിയിരിക്കുന്നത്. മാധ്യമങ്ങൾക്കോ ആരാധകർക്കോ വിമാനത്താവള പരിസരത്തേക്ക് പ്രവേശനമുണ്ടായിരുന്നില്ല.
ഭാര്യ, മക്കൾ, നിയമോപദേശകർ, ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം പ്രത്യേക വിമാനത്തിലാണ് ക്രിസ്റ്റ്യാനോ റിയാദിലെത്തിൽ ഇറങ്ങിയത്. സ്ഥിരതാമസത്തിന് കൊട്ടാരം സജ്ജമാകും വരെ റിയാദിലെ പ്രശസ്തമായ ഹോട്ടലിലായിരിക്കും ക്രിസ്റ്റ്യാനോ താമസിക്കുക. അവസാന മെഡിക്കൽ ടെസ്റ്റിന് ഇന്ന് ക്രിസ്റ്റ്യാനോ വിധേയനാകും. ശേഷം വൈകീട്ട് ഏഴിന് അൽ-നസർ ക്ലബിന്റെ ഹോംഗ്രൗണ്ടിൽ സ്വീകരണമാണ്. താരത്തിന്റെ ഏഴാം നമ്പർ അൽ-നസർ ജഴ്‌സി ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. ഒരു ജഴ്‌സിക്ക് വില 414 റിയാലാണ്.
48 മണിക്കൂറിനിടെ 20 ലക്ഷത്തിലേറെ ജഴ്‌സികളാണ് സൗദിയിൽ വിറ്റുപോയത്. ഇതുവഴി മാത്രം അൽ-നസ്ർ ക്ലബിന് രണ്ടു ദിവസത്തിനിടെ 82 കോടി റിയാലാണ് കിട്ടിയത്.പരസ്യയിനത്തിലടക്കം 200 മില്യൺ ഡോളർ വാർഷിക വരുമാനത്തോടെ രണ്ടര വർഷത്തേക്കാണ് ക്രിസ്ത്യാനോയുടെ കരാർ. ജനുവരി 21ന് മർസൂൽ പാർക്കിൽ അൽ-ഇത്തിഫാഖ് ക്ലബിനെതിരെ നടക്കുന്ന കളിയിൽ ക്ലബിനുവേണ്ടി റൊണാൾഡോ കളത്തിലിറങ്ങും.