ഡൽഹിയിൽ മദ്യലഹരിയിൽ യുവാക്കൾ സഞ്ചരിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവത്തിൽ വഴിത്തിരിവ്.മരിച്ച അമൻ വിഹാർ സ്വദേശി അഞ്ജലി സിങ്ങിനൊപ്പം സുഹൃത്തും സ്കൂട്ടറിൽ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. നിസ്സാര പരുക്കു പറ്റിയ പെൺകുട്ടി, സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. ഇവരെ കണ്ടെത്തിയെന്നും വിശദമായ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.സംഭവത്തിൽ ദില്ലി പോലീസ് ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് റിപ്പോർട്ട് നൽകും. ഇന്നലെ സംഭവത്തിൽ അമിത് ഷാ റിപ്പോർട്ട് തേടിയിരുന്നു. ഷായുടെ നിർദേശ പ്രകാരം മുതിർന്ന ഉദ്യോഗസ്ഥൻ കേസന്വേഷണം ഇന്ന് ഏറ്റെടുക്കും. 3 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിലുള്ള പ്രതികളായ 5 യുവാക്കളെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ദില്ലി പോലീസിന്റെ സുരക്ഷാ വീഴ്ച ഉയർത്തിക്കാട്ടി പ്രതിഷേധം ശക്തമാക്കാനാണ് ആംആദ്മി പാർട്ടിയുടെ തീരുമാനം. യുവതിയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഇന്ന് പോലീസിന് ലഭിക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യുവതി പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന് വ്യക്തമാകൂ എന്നാണ് പോലീസ് അറിയിക്കുന്നത്.പുതുവത്സര പുലരിയില്‍ ഡല്‍ഹിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. 20കാരിയെ ഇടിച്ചിട്ട ശേഷം റോഡിലൂടെ 13 കീലോമീറ്റര്‍ ദൂരമാണ് കാറില്‍ വലിച്ചിഴച്ചത്. അപകടശേഷം കാര്‍ നിര്‍ത്തിയില്ലെന്നും
മദ്യലഹരിയിലായിരുന്ന പ്രതികള്‍ കാര്‍ വാടകയ്ക്ക് എടുത്തതാണെന്നും പൊലീസ് പറയുന്നു. അതിനിടെയാണ് യുവതിക്കൊപ്പം സ്കൂട്ടറില്‍ സുഹൃത്തും ഉണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയത്.