രാഹുൽ മങ്കൂട്ടത്തിൽ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് സിപിഐ. രാഹുൽ എംഎൽഎ സ്ഥാനം ഉടൻ രാജി വെക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. പ്രണയത്തിൽ മാന്യത വേണം. സ്ത്രീയെ ഉപഭോഗ വസ്തുവായി ആര് കണ്ടാലും തെറ്റാണ്. തെറ്റ് നിരന്തരം ആവർത്തിക്കുന്ന രാഹുലും കൂട്ടരും അതൊരു നേട്ടമായി കൊണ്ടാടുന്നു. ചെറുപ്പക്കാരായ കോൺഗ്രസുകാർ അദ്ദേഹത്തെ വാഴ്ത്തുന്നു. ഇത് കോൺഗ്രസിന്റെ അപചയം എന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
രാഹുൽ മങ്കൂട്ടത്തിലിനെതിരായ പീഡനക്കേസിൽ കോൺഗ്രസ് നേതൃത്വം പ്രതികരിക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. കോൺഗ്രസ് ഒരുപാട് മാറി പോയി. കോൺഗ്രസ് നേതൃത്വം ഉടൻ പ്രതികരിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എതിരെ വീണ്ടും ബലാത്സംഗ പരാതി ഉയർന്നതോടെയാണ് സിപിഐ രാജി ആവശ്യവുമായി രംഗത്തെത്തിയത്.
രാഹുൽ ക്രൂരമായി പീഡിപ്പിച്ചെന്ന് കോൺഗ്രസ് നേതൃത്വത്തിന് മറ്റൊരു യുവതി പരാതി നൽകുകയായിരുന്നു. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന ഇരുപത്തിമൂന്നുകാരിയാണ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തുടങ്ങിയവർക്ക് പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകി ഹോം സ്റ്റേയിലേക്ക് വിളിച്ചുവരുത്തിയാണ് പീഡനമെന്നും ഗർഭം ധരിക്കാൻ നിർബന്ധിച്ചെന്നും പരാതിയിലുണ്ട്. രാഹുലിനെതിരെ നേരത്തെ ആരോപണം ഉന്നയിച്ച യുവതിയാണ് പരാതിക്കാരി. വിവരങ്ങൾ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്നും കോൺഗ്രസ് വേദികളിൽ നിന്ന് രാഹുലിനെ വിലക്കണമെന്നും യുവതി ആവശ്യപ്പെടുന്നുണ്ട്.

