ബാര്‍കോഴ കേസില്‍ മുന്‍മന്ത്രിമാരായ കെ ബാബു, വിഎസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരായ അന്വേഷണ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ വിജിലന്‍സ് ഡയറക്ടറെ വിളിപ്പിച്ചു. മുന്‍മന്ത്രിമാരായതുകൊണ്ട് നിയമന അധികാരി എന്ന നിലയില്‍ ഗവര്‍ണറുടെ അനുമതിയോടെ മാത്രമേ അന്വേഷണം നടത്താന്‍ സാധിക്കുകയുള്ളൂ. ഇന്നലെയാണ് അന്വേഷണത്തിന് അനുമതി തേടിയുള്ള ഫയല്‍ ഗവര്‍ണര്‍ക്ക് ലഭിച്ചത്. എന്നാല്‍ ഫയലില്‍ പറഞ്ഞ കാര്യങ്ങളില്‍ കൂടുതല്‍ വിശദീകരണം ഇക്കാര്യത്തില്‍ ആവശ്യമുള്ളതിനാലാണ് വിജിലന്‍സ് ഡയറക്ടറെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരിട്ട് വിളിപ്പിക്കുന്നത്.
ബാര്‍കോഴയില്‍ പ്രതിപക്ഷനേതാവിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഇന്നലെ സ്പീക്കര്‍ അനുമതി നല്‍കിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനത്തില്‍ കെ എം ഷാജിക്കെതിരായ അന്വേഷണത്തിനും സ്പീക്കര്‍ അനുമതി നല്‍കി. ബാര്‍ ലൈസന്‍സ് ഫീസ് കുറക്കാന്‍ കെപിസിസി പ്രസിഡന്റായിരിക്കെ രമേശ് ചെന്നിത്തലക്ക് കോഴ കൊടുത്തുവെന്ന ബിജുുരമേശിന്റെ വെളിപ്പെടുത്തലിലാണ് അന്വേഷണം. കോഴ നല്‍കിയെന്ന് പറയുന്ന സമയം ചെന്നിത്തല എംഎല്‍എ ആയത് കൊണ്ടാണ് സ്പീക്കറുടെ അനുമതി തേടിയത്.
വിജിലന്‍സ് ഡയറക്ടര്‍ വ്യാഴാഴ്ച അവധി കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഗവര്‍ണറെ കാണും. മന്ത്രിമാര്‍ക്കെതിരായ അന്വേഷണത്തിന് അനുമതി നല്‍കുന്നതില്‍ കൂടിക്കാഴ്ചയ്ക്ക് ശേഷമാവും അന്തിമ തീരുമാനം ഉണ്ടാവുക. ഇബ്രാഹിം കുഞ്ഞ്, കെ.ബാബു, വി.എസ്.ശിവകുമാര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാറില്‍ നിന്നും കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയത്. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് വഴി അഴിമതിപ്പണം വെളുപ്പിച്ചെന്ന കേസിലാണ് വിജിലന്‍സ് കേസെടുക്കാന്‍ ഉദേശിക്കുന്നത്.
കേസെടുത്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്ന ആഭ്യന്തരവകുപ്പിന്റെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചു. ചെന്നിത്തലക്കൊപ്പം കോഴ നല്‍കിയെന്ന ബിജുരമേശ് ആരോപിച്ച മുന്‍മന്ത്രിമാരായ വിഎസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരായ അന്വേഷണ അനുമതി ഗവര്‍ണര്‍ ആകും തീരുമാനമെടുക്കുക. അന്വേഷണ അനുമതിയെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് പ്രതിപക്ഷനേതാവിന്റെ തീരുമാനം.