കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കാനൊരുങ്ങി കായിക താരങ്ങള്‍
മാര്‍ച്ചിനിടെ കര്‍ഷകര്‍ക്കു നേരെയുണ്ടായ നടപടികളിലും കര്‍ഷകരെ അവഗണിക്കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചുമാണ് കായിക താരങ്ങള്‍ പദ്മശ്രീ, അര്‍ജുന പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുന്നത്.
പദ്മശ്രീയും അര്‍ജുന പുരസ്‌കാരവും നേടിയിട്ടുള്ള ഗുസ്തി താരം കര്‍ത്താര്‍ സിങ്, അര്‍ജുന പുരസ്‌കാര ജേതാവും ബാസ്‌ക്കറ്റ് ബോള്‍ താരവുമായ സജ്ജന്‍ സിങ് ചീമ, അര്‍ജുന ജേതാവും ഹോക്കി താരവുമായ രാജ്ബിര്‍ കൗര്‍ എന്നിവരാണ് പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുക.ഈ മാസം അഞ്ചിന് ദല്‍ഹിയില്‍ എത്തി പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി ഭവനു പുറത്തുവയ്ക്കുമെന്ന് താരങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
‘ഞങ്ങള്‍ കര്‍ഷകരുടെ മക്കളാണ്, അവര്‍ കഴിഞ്ഞ കുറേ മാസങ്ങളായി സമാധാനപരമായ പ്രക്ഷോഭം നടത്തുന്നുണ്ട്. ഒരു അക്രമസംഭവം പോലും നടന്നില്ല. എന്നാല്‍ അവര്‍ ദല്‍ഹിയിലേക്ക് പോകാന്‍ ഒരുങ്ങിയപ്പോള്‍ അവര്‍ക്കെതിരെ പൊലീസ് ജലപീരങ്കികളും ടിയര്‍ ഗ്യാസ് ഷെല്ലുകളും ഉപയോഗിച്ചു. ഞങ്ങളുടെ കാരണവന്‍മാരുടെയും സഹോദരങ്ങളുടെയും തലപ്പാവുകള്‍ അഴിച്ചെറിയപ്പെടുമ്പോള്‍ ഞങ്ങള്‍ പുരസ്‌കാരങ്ങള്‍ വച്ചുകൊണ്ടിരിക്കുന്നതില്‍ എന്തു കാര്യം? അതുകൊണ്ടാണ് ഈ പുരസ്‌കാരങ്ങള്‍ മടക്കിനല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്, ‘ താരങ്ങള്‍ പറഞ്ഞു.