സിനിമയ്‌ക്കെതിരെ വിമര്‍ശനാത്മകമായ റിവ്യൂ പങ്കുവെച്ച റിവ്യൂവറെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ ജോജു ജോര്‍ജ്. ഇന്‍സ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ജോജുവിന്റെ പ്രതികരണം. ഒരു സിനിമയുടെ സ്‌പോയിലറുകള്‍ പ്രചരിപ്പിക്കുന്നത് റിവ്യൂവേഴ്‌സ് ചെയ്യാറില്ല.
ചിത്രത്തിലെ പ്രധാനപ്പെട്ട കാര്യം പറഞ്ഞാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. കരുതിക്കൂട്ടി ഇങ്ങനെ ചെയ്യുന്നതില്‍ എനിക്ക് ദേഷ്യമുണ്ട്. ഇത് ഒരു വിനോദമാണെങ്കിലും ജീവിത പ്രശ്‌നം കൂടെയാണ്. നിയമപരമായി മുന്നോട്ട് പോവുകതന്നെ ചെയ്യുമെന്നും ജോജു വിഡിയോയില്‍ വ്യക്തമാക്കി.
ജോജുവിന്റെ വാക്കുകള്‍
വളരെ അത്യാവശ്യമുള്ള കാര്യം പറയാനുണ്ട്. അതിനാലാണ് രാത്രി തന്നെ ലൈവ് വന്നത്. ഞാന്‍ ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞുകൊണ്ട് ഒരു ഫോണ്‍കോള്‍ പ്രചരിക്കുന്നുണ്ട്. അത് ഞാന്‍ തന്നെ വിളിച്ചതാണ്. ദയവായി ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ നല്ല അര്‍ഥത്തില്‍ തന്നെ എടുക്കണം. ഒരുപാട് നെഗറ്റീവ് റിവ്യൂകള്‍ വന്നിട്ടുണ്ട്.
അവരെ ആരെയും ഞാന്‍ വിളിച്ചിട്ടില്ല. അതെല്ലാം അഭിപ്രായ സ്വാതന്ത്ര്യമാണ്. എന്നാല്‍, ഈ വ്യക്തി ഒരു റിവ്യൂ കുറേ സ്ഥലത്ത് പങ്കുവെച്ചിട്ടുണ്ട്. പല ഗ്രൂപ്പുകളിലും റിവ്യൂ കോപ്പി പ്രചരിപ്പിച്ചു. കമന്റുകള്‍ക്കടിയില്‍ ഈ സിനിമ കാണരുത് എന്ന് എഴുതി. അഭിപ്രായ സ്വാതന്ത്ര്യമായി ബന്ധപ്പെട്ട വിഷയമല്ല ഞാന്‍ അദ്ദേഹത്തെ വിളിച്ച് സംസാരിച്ചത്. ഒരുപാട് സ്ഥലത്ത് ഒരേ റിവ്യൂ പങ്കുവയ്ക്കുന്നത് വ്യക്തമായ ഉദ്ദേശ്യത്തോടെയാണ്. ഒരു സിനിമയുടെ സ്‌പോയിലറുകള്‍ പ്രചരിപ്പിക്കുന്നത് റിവ്യൂവേഴ്‌സ് ചെയ്യാറില്ല.
ചിത്രത്തിലെ പ്രധാനപ്പെട്ട കാര്യം പറഞ്ഞാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. കരുതിക്കൂട്ടി ഇങ്ങനെ ചെയ്യുന്നതില്‍ എനിക്ക് ദേഷ്യമുണ്ട്. ഇത് ഒരു വിനോദമാണെങ്കിലും ജീവിത പ്രശ്‌നം കൂടെയാണ്. നിയമപരമായി മുന്നോട്ട് പോവുകതന്നെ ചെയ്യും. എനിക്ക് ഒരുപാട് ശത്രുക്കളുണ്ട്. എന്നെ ഇഷ്ടമില്ലാത്തവരും എന്നോട് താത്പര്യമില്ലാത്തവരും. ഇതെല്ലാം വ്യക്തിപരമായി കാണിക്കാവുന്നതാണ്.
എന്നാല്‍, സിനിമ എന്റേതുമാത്രമല്ല. ഇത് വളരെ വേദനാജനകമാണ്, കാരണം അത്രയും വര്‍ക്ക് ചെയ്തിട്ടുണ്ട്. ഞങ്ങളെ സംബന്ധിച്ച് ഞങ്ങളുടെ കൂടെയുള്ള എല്ലാവരും നൂറു ശതമാനം പണിയെടുത്തു എന്നേ പറയാന്‍ പറ്റുള്ളൂ.’, ജോജു പറഞ്ഞു.