കൃത്യമായ ആസൂത്രണത്തിലൂടെയേ ടൂറിസം മേഖലയിൽ വികസനം സാധ്യമാകൂ എന്ന് മലയാളത്തിന്റെ പ്രിയ സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി കെഎൽഐബിഎഫ് ഡയലോഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സദസിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകിയും അനുഭവങ്ങൾ പങ്കുവച്ചും അദ്ദേഹം പരിപാടിയെ വ്യത്യസ്ത അനുഭവമാക്കിത്തീർത്തു.
ലോകത്തിലെ യാഥാർഥ്യങ്ങളെ അംഗീകരിക്കാൻ കഴിഞ്ഞാൽ കാഴ്ചപ്പാടുകൾ വിശാലമാകുമെന്ന് അദ്ദേഹം പറഞ്ഞു.
അതിഥികളെ സന്തോഷിപ്പിക്കാൻ സ്വയം എങ്ങനെ മെച്ചപ്പെടുത്താം എന്നാണ് ഓരോ ആതിഥേയരും ശ്രദ്ധിക്കേണ്ടതെന്ന് സന്തോഷ് ജോർജ് വ്യക്തമാക്കി. ഓരോ രാജ്യവും വിദേശസഞ്ചാരികളെ സ്വന്തം നാട്ടിലെത്തിക്കാൻ മത്സരിക്കുകയാണ്. കേരളത്തിന്റെ തനത് ജീവിതശൈലി, കലാരൂപങ്ങൾ, ഭക്ഷ്യവൈവിധ്യം, വാസ്തുവിദ്യ എന്നിവ ഒരു ടൂറിസം പാക്കേജായി ലോകത്തിന് മുന്നിൽ എത്തിക്കാൻ കഴിയണം. കോവിഡിന് ശേഷം ആളുകൾ വാശിയോടെ സഞ്ചരിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. കാണാത്ത നാടുകൾ കാണാനുള്ള സഞ്ചാരികളുടെ ഈ മത്സരത്തെ വേണ്ടവിധം വിനിയോഗിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ ടൂറിസം മേഖലയിൽ സ്വകാര്യ സംരംഭകരുടെ പങ്ക് വലുതാണെന്നും അവരെ പ്രോത്സാഹിപ്പിക്കാൻ ഇടപെടലുകൾ ഉണ്ടാകണമെന്നും സന്തോഷ് ജോർജ് സൂചിപ്പിച്ചു. ഇന്നത്തെ ചെറുപ്പക്കാർ മാറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറാൻ കാരണം ആ നാടിൻറെ പ്രൊഫഷണലിസം ആണ്. ജീവിതനിലവാരം മികച്ചതാക്കാൻ വിദേശ രാജ്യങ്ങൾക്ക് കഴിയുന്നു എന്നതാണ് യുവാക്കളെ ആകർഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചെറുപ്പക്കാരുടെ വിദേശത്തേക്കുള്ള ഒഴുക്ക് തടയാൻ സാധ്യതകൾ ഏറെയുള്ള നാടാണ് കേരളമെന്നും അദ്ദേഹം ഓർമപ്പെടുത്തി.
വായിച്ച പുസ്തകങ്ങളിലെ സ്ഥലങ്ങളും മനുഷ്യരെയും ജീവിതങ്ങളെയുമൊക്കെ നേരിട്ട് അറിയാനുള്ള ആഗ്രഹമാണ് തന്റെ ആദ്യകാല യാത്രകൾക്ക് പ്രചോദനമായതെന്ന് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു. എസ്.കെ പൊറ്റക്കാടിന്റെ യാത്രാവിവരണങ്ങളാണ് യാത്രകളെ ഏറെ സ്വാധീനിച്ചിട്ടുള്ളത്. സാങ്കേതിക വിദ്യ ഏറെ വികസിച്ച ഇന്നത്തെ കാലത്ത് യാത്ര ചെയ്യുമ്പോൾ ഇന്റർനെറ്റിനെയാണ് കൂടുതൽ ആശ്രയിക്കാറെന്നും അദ്ദേഹം വ്യക്തമാക്കി. ദൃശ്യമാധ്യമ രംഗത്ത് പുതുമയുള്ള എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് സഞ്ചാരം പോലുള്ള പരിപാടിയിലേക്ക് എത്തിച്ചത്. നവമാധ്യമങ്ങളുടെ കാലത്ത് ഭാഷയുടെ സൗന്ദര്യം നിലനിർത്തിക്കൊണ്ട് തന്നെ സമൂഹത്തിലെ മാറ്റങ്ങളെ ഉൾക്കൊള്ളാൻ മാധ്യമങ്ങൾക്ക് ഉൾപ്പടെ കഴിയണമെന്ന് സന്തോഷ് ജോർജ് അഭിപ്രായപ്പെട്ടു.
കെഎൽഐബിഎഫ് ഡയലോഗ്സിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി ഷിജിൻ.പി നടത്തിയ സംഭാഷണത്തിന് ശേഷം അദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ വായനക്കാർക്ക് കയ്യൊപ്പ് വാങ്ങാൻ അവസരം ഒരുക്കിയിരുന്നു.
യാത്രകളെ ഏറെ സ്വാധീനിച്ചത് എസ്.കെ പൊറ്റക്കാടിന്റെ പുസ്തകങ്ങൾ; സന്തോഷ് ജോർജ് കുളങ്ങര

