ആൺമേൽക്കോയ്മ ഒരു അടുപ്പാണെങ്കിൽ, സ്ത്രീവിരുദ്ധത അതിലെ അഗ്നിയാണ്, അതിൽ വേവുന്ന അത്താഴമാണ് ഫാസിസമെന്ന് എഴുത്തുകാരി കെ ആർ മീര. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി ‘മീറ്റ് ദ ഓതര്‍’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മലയാളത്തിന്റെ പ്രിയ എഴുത്തുകാരി. സമൂഹത്തിൽ സ്ത്രീയ്ക്ക് തുല്യ അവകാശങ്ങൾ ലഭിക്കാൻ പുരുഷ കേന്ദ്രീകൃത സംവിധാനത്തെ ആകെ ഉടച്ചു വാർക്കേണ്ടതുണ്ട്. അധികാരകേന്ദ്രങ്ങൾ പങ്കിടാൻ സമൂഹം തയ്യാറാകാത്തിടത്തോളം കാലം സംവരണം എന്ന പ്രക്രിയ ആവശ്യമാണെന്ന് കെ.ആർ മീര അഭിപ്രായപ്പെട്ടു. പിതൃവാത്സല്യം, ഗുരുനാഥന്റെ വാത്സല്യം എന്നീ വർണ്ണനകൾ നൽകി ഒരു പെൺകുട്ടിക്ക് പൗരനെന്ന നിലയിൽ സമൂഹത്തിൽ നിന്ന് ലഭിക്കേണ്ട അവകാശങ്ങളാണ് ഇല്ലാതാക്കുന്നതെന്നും അവർ പറഞ്ഞു. ഇന്നത്തെ മാധ്യമ സംവിധാനത്തിൽ നിരാശയുണ്ടെന്ന് എഴുത്തുകാരി വ്യക്തമാക്കി. എന്ത് വാർത്ത വിശ്വസിക്കണം എന്ന അങ്കലാപ്പിലാണ് ഓരോ ദിവസവും കഴിയുന്നത്. പത്രപ്രവർത്തനമല്ല ടോക്ക് ഷോകളാണ് ഇന്ന് നടക്കുന്നതെന്ന് കെ.ആർ മീര കൂട്ടിച്ചേർത്തു. പത്രപ്രവർത്തനത്തിലെ അനുഭവം തനിക്ക് സാഹിത്യരചനയിൽ ഏറെ ഗുണം ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു. ഭാഷ, എഴുത്ത്, എഡിറ്റിംഗ് എന്നിവ മെച്ചപ്പെടുത്താൻ പത്രപ്രവർത്തകയായിരുന്ന കാലത്തെ പരിചയം സഹായിച്ചിട്ടുണ്ട്. മലയാളത്തിൽ മാത്രം എഴുതുന്ന വ്യക്തി എന്ന നിലയിൽ മലയാള ഭാഷയ്ക്ക് പുറത്തും വായനക്കാർ ഉണ്ടെന്ന് അറിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് കെ.ആർ മീര പറഞ്ഞു.
‘ആൺമേൽക്കോയ്മ ഒരു അടുപ്പാണെങ്കിൽ, സ്ത്രീവിരുദ്ധത അതിലെ അഗ്നിയാണ്, അതിൽ വേവുന്ന അത്താഴമാണ് ഫാസിസം’- കെ ആർ മീര

